ആലുവയെ നടുക്കിയ കൂട്ടക്കുരുതിക്ക് കാല്‍നൂറ്റാണ്ട്; മാഞ്ഞൂരാന്‍ വീട്ടിലെ രക്തക്കറ മായാതെ 25 വര്‍ഷം

Jaihind News Bureau
Tuesday, January 6, 2026

Aluva-Murder-case

ആലുവ: കാല്‍നൂറ്റാണ്ടിന് മുന്‍പ് ഒരു ജനുവരി ആറിനാണ് ആലുവ സബ് ജയില്‍ റോഡിലെ മാഞ്ഞൂരാന്‍ വീട് ഒരു ശ്മശാനമായി മാറിയത്. മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്‌സ് ഉടമ അഗസ്റ്റിന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവര്‍ ഒരേ രാത്രിയില്‍ ദാരുണമായി കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ ബന്ധുവും ആലുവ നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന എം.എ. ആന്റണിയായിരുന്നു കേസിലെ ഏക പ്രതി. വിദേശത്തു പോകാന്‍ പണം നല്‍കാമെന്ന് ഏറ്റ കൊച്ചുറാണി വാക്കുപാലിക്കാത്തതിലുള്ള വൈരാഗ്യമാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. സംഭവദിവസം രാത്രി ഒന്‍പത് മണിയോടെ പണം ചോദിച്ചെത്തിയ ആന്റണി, വീട്ടിലുണ്ടായിരുന്ന കൊച്ചുറാണിയെയും തടയാനെത്തിയ ക്ലാരയെയും വെട്ടിക്കൊന്നു. തുടര്‍ന്ന് സിനിമ കഴിഞ്ഞ് മടങ്ങിയെത്തിയ അഗസ്റ്റിനെയും കുടുംബത്തെയും ആന്റണി വകവരുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ തന്നെ മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പൊലീസ് കുടുക്കിയത്. ആന്റണിയുടെ ഭാര്യയെ സ്വാധീനിച്ച് ഫെബ്രുവരി 11-ന് നാട്ടിലേക്ക് വിളിച്ചുവരുത്തി മുംബൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും നടത്തിയ അന്വേഷണങ്ങളില്‍ ആന്റണി തന്നെയാണ് ഏക പ്രതിയെന്ന് സ്ഥിരീകരിച്ചു.

കേരളത്തിലെ സിബിഐ കോടതി ആദ്യമായി വധശിക്ഷ വിധിച്ച കേസാണിത്. 2005-ല്‍ ജസ്റ്റിസ് കമാല്‍ പാഷ പുറപ്പെടുവിച്ച വിധി ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് 2014-ലെ സുപ്രീം കോടതിയുടെ ചരിത്രപരമായ ഉത്തരവ് ആന്റണിക്ക് തുണയായത്. വധശിക്ഷ വിധിച്ചവരുടെ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഉത്തരവിനെത്തുടര്‍ന്ന്, 2018-ല്‍ സുപ്രീം കോടതി ആന്റണിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.

വര്‍ത്തമാനകാലം കൂട്ടക്കൊല നടന്ന സബ് ജയില്‍ റോഡിലെ മാഞ്ഞൂരാന്‍ വീട് വര്‍ഷങ്ങളോളം ആളനക്കമില്ലാതെ കിടന്ന ശേഷം ബന്ധുക്കള്‍ പൊളിച്ചുനീക്കി. വധശിക്ഷയില്‍ ഇളവ് ലഭിച്ച ആന്റണി ദീര്‍ഘകാലത്തെ ഏകാന്ത തടവിന് ശേഷം നിലവില്‍ പരോളിലാണ്. പരോള്‍ കാലാവധി കഴിഞ്ഞ് ഉടന്‍ തന്നെ തിരുവനന്തപുരം കാട്ടാക്കടയിലുള്ള തുറന്ന ജയിലിലേക്ക് മടങ്ങും.