കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരുകിലോ എംഡിഎംഎയുമായി യുവതി പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് താഴകത്ത് വീട്ടിൽ സഫീറിനെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്നും കേരള എക്സ്പ്രസിൽ വന്നിറങ്ങിയ ബംഗളുരു സ്വദേശിനി സെമിൽ അക്തർ എന്ന 26 കാരിയാണ് കഴിഞ്ഞദിവസം പോലീസിന്‍റെ പിടിയിലായത്. ആലുവ റൂറൽ എസ് പിയുടെ കീഴിലുള്ള ഡാൻസാഫ് ടീമാണ് യുവതിയെ പിടികൂടിയത്. ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ എത്തിയതാണ് ഇയാൾ.
മലഞ്ചരക്ക് വ്യാപാരിയായ ഇയാള്‍ക്ക് യുവതിയുമായുള്ള ബന്ധം പോലീസ് പരിശോധിച്ച് വരികയാണ്. ആദ്യം എറണാകുളത്ത് ഇറങ്ങാനായിരുന്നു യുവതിയുടെ തീരുമാനം. പിന്നീടതിന് മാറ്റം വരുത്തി ആലുവയിൽ ഇറങ്ങുകയായിരുന്നു. എംഡിഎംഎ സഫീറിന് കൈമാറാനായിരുന്നു പരിപാടി. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു പേരും പിടിയിലായത്.
ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ അമ്പത് ലക്ഷത്തിലേറെ രൂപ വിലവരും . വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയിൽ യുവാക്കൾക്കിടയിലാണ് വിൽപന. ഡൽഹിയിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയിൽ തന്നെ തിരിച്ചുപോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം.