കൊച്ചി: നവീന്‍ ബാബുവിന്റെ കുടുംബവും കേരളത്തിലെ പ്രതിപക്ഷവും ആരോപിക്കുന്നതു പോലെ മരണത്തിന് ഉത്തരവാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.ഗൂഢാലോചന നടത്തിയാണ് എ.ഡി.എമ്മിന് ആത്മഹത്യ ചെയ്യാനുള്ള സമ്മര്‍ദ്ദം ഉണ്ടാക്കിക്കൊടുത്തത്. കളക്ടറുമായി കൂടിയാലോചിച്ച് വിളിക്കപ്പെടാത്ത ഒരു സദസില്‍ പോയി എ.ഡി.എമ്മിനെ അപമാനിച്ച് അത് വീഡിയോയില്‍ പകര്‍ത്തി അതു വാങ്ങി വ്യാപകമായി പ്രചരിപ്പിച്ച് സത്യസന്ധനായ മനുഷ്യനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ചു. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാത്രമാണ് സി.പി.എം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
നവീന്‍ ബാബുവിന്റെ വീട്ടിലെത്തി നിങ്ങളോടൊപ്പമാണെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ അയച്ചാണ് ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിച്ചത്. എന്ത് സന്ദേശമാണ് സര്‍ക്കാരും സി.പി.എമ്മും ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.പരിയാരം മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തന്റേതല്ല പെട്രോള്‍ പമ്പ്. പമ്പ് ആരുടേതാണെന്നു കൂടി പൊലീസ് അന്വേഷണത്തില്‍ പുറത്തുവരണം. ആര്‍ക്കു വേണ്ടിയാണ് പി.പി ദിവ്യ ഇത്ര വാശിയോടെ ഇടപെട്ടത്. റോക്കറ്റ് വേഗതയില്‍ പമ്പിന് അനുമതി കിട്ടണമെന്ന വാശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഉണ്ടാകാന്‍ കാരണമെന്താണ്. ദിവ്യ ജയിലില്‍ ആയപ്പോള്‍ സി.പി.എം നേതാക്കള്‍ എന്തിനാണ് അവരെ ഭയപ്പെട്ടത്? അവരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് പ്രധാനപ്പെട്ട നേതാക്കളെ വിട്ട് അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചത്. ദിവ്യയ്ക്ക് അറിയാവുന്ന രഹസ്യം പുറത്തു പറഞ്ഞാലും പാര്‍ട്ടി അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരുടെ ബിനാമി പണം ഉപയോഗിച്ചാണ് പമ്പ് നിര്‍മ്മിച്ചത്? അവര്‍ കൂടി ഈ മരണത്തിന് ഉത്തരവാദികളാണ്. അത് മൂടി വയ്ക്കാനാണ് ശ്രമിക്കുന്നത്. പമ്പ് ആരുടേതാണെന്ന് സി.പി.എമ്മും സര്‍ക്കാരും വ്യക്തമാകണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്ന സി.പി.എമ്മും പ്രതിക്കൂട്ടിലാണ്. ഈ റിപ്പോര്‍ട്ട് പൊലീസ് അന്വേഷണത്തിന്റ ഭാഗമാകണം. കേസ് അട്ടിമറിക്കപ്പെടുകയാണെങ്കില്‍ അതൊന്നു കണണമല്ലോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.