ശബരിമല വിഷയത്തിൽ സമവായ ശ്രമവുമായി ചേർന്ന സർവകക്ഷി യോഗം പരാജയം. ശബരിമലയില്‍ യുവതീപ്രവേശനമാകാമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ യു.ഡി.എഫ് യോഗം ബഹിഷ്കരിച്ചു.
പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവെച്ചത്. മണ്ഡലകാലം കഴിയുന്നതുവരെ യുവതീപ്രവേശം നടപ്പാക്കരുത്, വിധി നടപ്പിലാക്കുന്നതില്‍ സാവകാശം തേടണം എന്നീ രണ്ടാവശ്യങ്ങളും മുഖ്യമന്ത്രി അംഗീകരിക്കാന്‍ തയാറായില്ല. യുവതീപ്രവേശം നടപ്പാക്കുമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ പ്രതിപക്ഷം സര്‍വകക്ഷിയോഗം ബഹിഷ്കരിക്കുകയായിരുന്നു.
പ്രശ്ന പരിഹാരത്തിനുള്ള അവസരം സർക്കാർ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗശേഷം പ്രതികരിച്ചു. സര്‍വകക്ഷിയോഗം പ്രഹസനമായിരുന്നുവെന്നും സമവായത്തിനുള്ള ഒരു നീക്കവും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഇനി ഇക്കാര്യത്തില്‍ എന്ത് പ്രശ്നം ഉണ്ടായാലും അതിന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
യുവതീപ്രവേശനം നടപ്പാക്കുമെന്ന ഗവണ്‍മെന്‍റിന്‍റെ കടുംപിടിത്തം കാരണമാണ് യു.ഡി.എഫിന് വാക്കൌട്ട് നടത്തേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സര്‍വകക്ഷിയോഗത്തില്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചതിലൂടെ ശബരിമല വിഷയം പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരം മുഖ്യമന്ത്രി പാഴാക്കുകയായിരുന്നു. ശബരിമല തീര്‍ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആർ.എസ്.എസ്-ബി.ജെ.പി-സിപിഎം ഒത്തുകളിയാണ് ശബരിമല വിഷയത്തില്‍ കാണുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.