എകെജി സെന്‍റര്‍ പടക്കമേറ്; കുറ്റാരോപിതനായ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

 

കൊച്ചി: എകെജി സെന്‍ററിന് പടക്കമെറിഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ജിതിന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് വിജു ഏബ്രഹാമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബര്‍ 22ന് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തെളിവുകളില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ പ്രതിയാക്കി എന്നാരോപിച്ച്‌ ജിതിന്‍ ജാമ്യാപേക്ഷ നല്‍കി. ആരോപണങ്ങളെല്ലാം തെറ്റാണെന്നും താന്‍ നിരപരാധിയാണെന്നും ജിതിന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിക്കെതിരെ സിസി ടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സര്‍ക്കാര്‍ വാദം. നിലവില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കുകയാണെന്നാണ് കോടതി വിധി.

എകെജി സെന്‍ററിന് നേരെ സ്കൂട്ടറിലെത്തിയ യുവാവ്‌ സ്ഫോടക വസ്‌തുവെറിഞ്ഞ്‌ മടങ്ങുന്ന ദൃശ്യങ്ങള്‍ കിട്ടിയെങ്കിലും വ്യക്തതക്കുറവ്‌ മൂലം ആളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ്‌ കേസ്‌ ക്രൈം ബ്രാഞ്ച്‌ ഏറ്റെടുത്തത്‌. പ്രതിക്കെതിരെ ഗൂഢാലോചന, സ്ഫോടകവസ്തു ഉപയോഗിച്ച്‌ നാശനഷ്ടമുണ്ടാക്കല്‍, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവെക്കല്‍ അടക്കമുള്ള വകുപ്പ് ചുമതിയാണ് കേസ് എടുത്തത്.

Comments (0)
Add Comment