സ്വര്‍ണക്കടത്തിലും ലൈഫ് മിഷനും പിന്നാലെ വിമാനത്താവളവും; വെട്ടിലായി സർക്കാരും ഇടതുമുന്നണിയും; വിവാദത്തില്‍ പ്രതികരിക്കാതെ നേതാക്കള്‍

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തിനും, ലൈഫ് മിഷന്‍ തട്ടിപ്പിനും പിന്നാലെ വിമാനത്താവള സ്വകാര്യവത്കരണത്തിലും വെട്ടിലായി സര്‍ക്കാര്‍. വിമാനത്താവളത്തിലെ ലേലനടപടികള്‍ക്കായി അദാനിയുടെ ഉറ്റബന്ധുവിനോട് നിയമോപദേശം തേടിയത് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും പ്രതിക്കൂട്ടില്‍ നില്‍ക്കവെയാണ് വിമാനത്താവള വിവാദവും സര്‍ക്കാരിനെ പിന്തുടരുന്നത്. പുതിയ വിവാദങ്ങളില്‍ പ്രതികരിക്കാതെ മൗനം തുടരുകയാണ് നേതാക്കള്‍.

വിമാനത്താവള സ്വകാര്യവത്ക്കരണത്തെയും അദാനിയെയും എതിര്‍ക്കുമ്പോള്‍ ഗൗതം അദാനിയുടെ മകന്‍റെ  ഭാര്യ പിതാവിനോട് ആലോചിച്ച് ലേല നടപടികളിലേക്ക് പോയത് വിശദീകരിക്കാന്‍ ഇടതുമുന്നണി നന്നേ  വിയർക്കും. വിമാനത്താവളത്തിന് വേണ്ടി ലേലതുക നിശ്ചയിച്ചത് അദാനിയുടെ മരുമകളുടെ കമ്പനിയല്ലെന്ന് പറയുമ്പോഴും ലേലനടപടികള്‍ എല്ലാം ആ കമ്പനിക്ക് അറിയാമായിരുന്നുവെന്നതും ഇടതുമുന്നണിയെ വെട്ടിലാക്കുന്നു.

സ്വർണ്ണക്കടത്തും ലൈഫ് മിഷന്‍ തട്ടിപ്പും സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായതായി സിപിഎം തന്നെ നേരത്തെ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും വിശദീകരണം പാളിയതായാണ് വിലയിരുത്തൽ.  മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നേതാക്കളുടെ വിശദീകരണം പൊതുസമൂഹം മുഖവിലയ്ക്കടുത്തിട്ടില്ലെന്നും സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ വിമർശനമുയർന്നിരുന്നു.

Comments (0)
Add Comment