ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന് കാരണമായതെന്ന് സംശയിക്കുന്ന ഇന്ധന നിയന്ത്രണ സ്വിച്ചുകളില്‍ (FCS) ഒരു തകരാറുമില്ലെന്ന് എയര്‍ ഇന്ത്യ. ബോയിംഗ് 787, 737 വിമാനങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് കമ്പനിയുടെ അവകാശവാദം. ജൂണ്‍ 12-ന് 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, സ്വന്തം നിലയ്ക്ക് നടത്തിയ പരിശോധനയില്‍ ഒരു പ്രശ്നവും കണ്ടെത്താനായില്ലെന്ന എയര്‍ ഇന്ത്യയുടെ പ്രസ്താവന വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇത് സര്‍ക്കാരിന്റെയും ഡിജിസിഎയുടെയും ഒത്താശയോടെ നടക്കുന്ന ഒരു ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലെ 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം ഇടിച്ചിറങ്ങിയ സ്ഥലത്തുണ്ടായിരുന്ന 19 പേരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിന് ശേഷം ഒരു സെക്കന്‍ഡിനുള്ളില്‍ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ചുകള്‍ ‘ഓണ്‍’ എന്നതില്‍ നിന്ന് ‘ഓഫ്’ എന്ന നിലയിലേക്ക് മാറിയതാണ് അപകടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, എങ്ങനെയാണ് ഈ സ്വിച്ചുകള്‍ ഓഫായതെന്ന് വ്യക്തമാക്കാന്‍ റിപ്പോര്‍ട്ടിന് കഴിഞ്ഞിരുന്നില്ല.
ഈ നിര്‍ണായക ചോദ്യത്തിന് ഉത്തരം നല്‍കാതെ, സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനത്തില്‍ ഒരു കുഴപ്പവുമില്ലെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണെന്ന് ആക്ഷേപം ശക്തമാണ്. ഡിജിസിഎയുടെ നിര്‍ദ്ദേശം വരുന്നതിന് മുന്‍പ്, ജൂലൈ 12-ന് തന്നെ തങ്ങള്‍ ‘സ്വമേധയാ’ പരിശോധന ആരംഭിച്ചുവെന്നാണ് എയര്‍ ഇന്ത്യയുടെ വാദം. ഈ ‘സ്വയം സാക്ഷ്യപ്പെടുത്തല്‍’ അംഗീകരിക്കാനാവില്ലെന്നും, ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സുതാര്യമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയതെന്നും ഇക്കാര്യം വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെ (ഡിജിസിഎ) അറിയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. എന്നാല്‍, ദുരന്തത്തിന് കാരണമായ ആ നിര്‍ണായകമായ ‘ഒരു സെക്കന്‍ഡില്‍’ എന്ത് സംഭവിച്ചു എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആരുടെയെങ്കിലും ഇടപെടല്‍ കൊണ്ടാണോ അതോ സാങ്കേതിക തകരാര്‍ കൊണ്ടാണോ ഇന്ധനവിതരണം നിലച്ചത് എന്നറിയാതെ, ഒരു പരിശോധനയും പൂര്‍ണ്ണമാകില്ല. ഈ ദുരൂഹത നീക്കാതെ എയര്‍ ഇന്ത്യയുടെ വാദങ്ങള്‍ മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് യാത്രക്കാരും പ്രതിപക്ഷവും.