ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും എത്തിയത് സര്‍ക്കാരിന്‍റെ അറിവോടെ: ഹൈക്കോടതിയില്‍ പത്തനംതിട്ട എസ്.പിയുടെ സത്യവാങ്മൂലം

Jaihind Webdesk
Thursday, January 24, 2019

Kanaka-Durga-Bindhu

ശബരിമലയിൽ ബിന്ദുവും കനകദുർഗയും എത്തിയത് സർക്കാരിന്‍റെ അറിവോടെയെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം. പത്തനംതിട്ട എസ്.പിയാണ് സത്യവാങ്മൂലം നൽകിയത്. അതേസമയം ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു വർഷമെങ്കിലും വേണ്ടി വരുമെന്ന് നിരീക്ഷകസമിതി ഹൈക്കോടതിയെ അറിയിച്ചു.

ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്തിയതിന് സർക്കാർ തലത്തിൽ നടത്തിയ ആസൂത്രണം കൂടുതൽ വ്യക്തമാക്കുന്നതാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. രണ്ട് യുവതികൾക്കും പമ്പ മുതൽ സന്നിധാനം മുതൽ പോലീസ് സുരക്ഷ നൽകിയിരുന്നു. നാല് പോലീസുകാർ മഫ്തിയിൽ ഒപ്പമുണ്ടായിരുന്നു. പ്രതിഷേധക്കാർ തിരിച്ചറിയാതിരിക്കാനാണ് ഈ മാർഗം സ്വീകരിച്ചത്.

ചില തീവ്രസംഘടനകൾ ശബരിമലയിൽ തമ്പടിച്ചിരുന്നു പതിനെട്ടാംപടി ഒഴിവാക്കി വി.ഐ.പി ഗേറ്റിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് പ്രശ്‌നങ്ങൾ ഒഴിവാക്കാനാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിരീക്ഷകസമിതി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിനുള്ള മറുപടിയിലാണ് പത്തനംതിട്ട എസ്.പി സത്യവാങ്മൂലം നൽകിയത്. നിരീക്ഷക സമിതിയോട് അനാദരവ് കാട്ടിയിട്ടില്ല. സന്നിധാനത്തെ സന്ദർശനവേളയിൽ എത്താതിരുന്നത് സുരക്ഷാപരമായ തിരക്ക് മൂലമാണെന്നും എസ്.പി വ്യക്തമാക്കി. അതേസമയം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിരീക്ഷക സമിതി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയത്തിൽ തകർന്ന സ്ഥലങ്ങളിൽ പുനർനിർമാണം നടക്കുകയാണ്. ഒരു വർഷമെങ്കിലും വേണ്ടിവരും ഇത് പൂർത്തിയാകാൻ. സ്ത്രീകൾ എത്തുമ്പോൾ കൂടുതൽ ശൗചാലയങ്ങൾ നിർമിക്കണമെന്നും സുരക്ഷ വർധിപ്പിക്കണമെന്നും നിരീക്ഷണ സമിതി ഹൈക്കോടതിയെ അറിയിച്ചു.