അദാനിക്ക് മോദിയുടെ മറ്റൊരു പാരിതോഷികം കൂടി; 5000 കോടിയുടെ പദ്ധതി ചുളുവിലയ്ക്ക് അദാനി ഗ്രൂപ്പിന്

Jaihind Webdesk
Saturday, January 26, 2019

അദാനിക്ക് മോദിയുടെ വക മറ്റൊരു ഉപഹാരം കൂടി നല്‍കാന്‍ ബി.ജെ.പി ഗുജറാത് സര്‍ക്കാരിന്‍റെ നീക്കം. സർക്കാർ ഉടമസ്ഥതയിലുള്ള മുന്ദ്ര LNG ടെർമിനൽ അദാനി ഗ്രൂപ്പിന് കൈമാറുന്നതിനുള്ള നീക്കം അന്തിമ ഘട്ടത്തിൽ. ടെർമിനൽ കൈകാര്യം ചെയ്യുന്ന ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപ്പറേഷന്‍റെ 50 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിന് നൽകാനാണ് നീക്കം. നിലവിൽ അദാനിക്ക് 25 ശതമാനം ഓഹരികളുണ്ട്. 50 ശതമാനം ഒഹരി കൂടി ലഭിക്കുമ്പോൾ ടെർമിനലിന്‍റെ പൂര്‍ണനിയന്ത്രണം അദാനിയുടെ കൈകളിലാകും.

ഓഹരികൾ വാങ്ങാൻ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവർ നാടകീയമായി പിന്മാറുകയാണുണ്ടായത്. ഇത് ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണവും ഉയരുന്നുണ്ട്.

5000 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതി വഴി 50 ലക്ഷം ടൺ ദ്രവീകൃത പ്രകൃതി വാതകം ഉല്‍പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. LNG കപ്പലുകൾ അടുപ്പിക്കാൻ കഴിയുന്ന ബെർത്തുകളോട് കൂടിയ ടെർമിനലിന്‍റെ ഉല്‍പാദനശേഷി സമീപഭാവിയില്‍ ഒരു കോടി ടണ്ണായി ഉയർത്താനും കഴിയും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചത്. പദ്ധതിയിൽ എസ്സാർ ഗ്രൂപ്പും പങ്കാളികളായിരുന്നുവെങ്കിലും പിന്നീട് അവരും നാടകീയമായി പിന്മാറുകയായിരുന്നു. ഇതും സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന പെട്രോളിയം കോർപറേഷന് ഫണ്ടില്ലെന്ന ന്യായം പറഞ്ഞാണ് ഇപ്പോള്‍ 50 ശതമാനം ഓഹരികൾ കൂടി മോദിയുടെ സുഹൃത്തായ അദാനിക്ക് കൈമാറുന്നത്.

750 കോടി രൂപയായിരുന്നു ഓഹരിക്കായി ഐ.ഒ.സി കോട്ട് ചെയ്തത്. അതേ തുക തന്നെയാണ് അദാനി ഗ്രൂപ്പും ഓഹരിക്കായി ഓഫര്‍ ചെയ്തത്. എന്നിട്ടും പൊതുമേഖലാ സ്ഥാപനത്തിന് ഓഹരികള്‍ നല്‍കാതെ അദാനിക്ക് തന്നെ നല്‍കിയത് തന്ത്രപൂര്‍വമായ കളികളുടെ ഭാഗമാണെന്നാണ് ആരോപണം. എന്തായാലും പദ്ധതിയില്‍ നിന്ന് എസ്സാര്‍ ഗ്രൂപ്പിന്‍റെയും ഐ.ഒ.സിയുടെയും ദുരൂഹമായ പിന്മാറ്റവും അദാനി ഗ്രൂപ്പിലേക്ക് പദ്ധതി പൂര്‍ണമായും എത്തിച്ചേരുന്നതും മോദി സര്‍ക്കാരിന്‍റെ കോര്‍പറേറ്റ് സുഹൃത്തിനുള്ള മറ്റൊരു പാരിതോഷികമാണെന്നാണ് വ്യക്തമാകുന്നത്.