V.S CHNDRASHEKHARAN| നടിയുടെ പീഡന പരാതി വ്യാജം; കാരണം മുന്‍വൈരാഗ്യം; വി.എസ്. ചന്ദ്രശേഖരനെതിരായ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ്

Jaihind News Bureau
Wednesday, September 24, 2025

ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി.എസ്. ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടി നല്‍കിയ പീഡന പരാതി വ്യാജമാണെന്ന് പോലീസ്. നടിയുടെ പരാതി മുന്‍വൈരാഗ്യം മൂലമാണെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണസംഘം, കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഈ റിപ്പോര്‍ട്ട് നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്മാരടക്കം ഏഴ് പേര്‍ക്കെതിരെയാണ് നടി ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഈ പട്ടികയില്‍ ചന്ദ്രശേഖരന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഒരു സിനിമയുടെ ചിത്രീകരണ സമയത്ത് നടിക്ക് അനുകൂലമായ നിലപാട് ചന്ദ്രശേഖരന്‍ സ്വീകരിക്കാത്തതും, പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കാത്തതുമാണ് വിരോധത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമാ നിര്‍മ്മാതാവ് പീഡിപ്പിച്ചുവെന്നും ചന്ദ്രശേഖരന്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്തു എന്നുമായിരുന്നു നടിയുടെ പരാതി. എന്നാല്‍ നിര്‍മ്മാതാവ് ആരാണെന്നതടക്കം നടിയുടെ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. മൊഴികളില്‍ സ്ഥിരതയില്ല, ഗൗരവകരമായ വൈരുധ്യങ്ങളുണ്ട് തുടങ്ങിയ കാരണങ്ങളാല്‍ നടിയുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റകൃത്യം നടന്നുവെന്ന് പറയുന്ന സമയത്തിന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയത്. ഇതിന് വ്യക്തമായ കാരണം നല്‍കാന്‍ നടിക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.