നടി ശ്വേതാ മേനോന്‍ ഹൈക്കോടതിയില്‍. തനിക്കെതിരെ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. അഡ്വ. ഉണ്ണി കാപ്പന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തനിക്കെതിരെയുള്ള കീഴ്‌ക്കോടതി നടപടി വസ്തുത പരിശോധിക്കാതെയാണ്. രാജ്യത്ത് സെന്‍സര്‍ ചെയ്ത സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇതിന് പുരസ്‌കാരങ്ങള്‍ അടക്കം താന്‍ നേടിയിട്ടുമുണ്ട്. അതിനാല്‍, വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഇത്തരം നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശ്വേതാ മേനോന്‍ ഹൈക്കോടതിയില്‍ എത്തിയത്. വിഷയത്തില്‍ വിശദമായ വാദം കേട്ട് തുടര്‍നടപടികള്‍ സ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
സാമ്പത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരിലാണ് നടി ശ്വേതാ മേനോനെതിരേ കേസ് എടുത്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് നടിയ്‌ക്കെതിരേ കേസ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. മാര്‍ട്ടിന്‍ മെനാച്ചേരി എന്നയാളുടെ പരാതിയിലാണ് നടപടി. അനാശാസ്യ നിരോധന നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമായിരുന്നു കേസ്. അമ്മ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച മാത്രം നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടിയുടെ പേരില്‍ വന്ന ഇത്തരത്തിലുള്ള കേസിന് പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.