കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന് നാളെ നിർണായക ദിനം. കഴിഞ്ഞ ദിവസം ദിലീപിന്‍റെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ദിലീപിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി.
നടൻ ദിലീപ് നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫോണ്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ട് പരിഗണിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. തിങ്കളാഴ്ച രാവിലെ കോടതി ആരംഭിക്കുമ്പോൾ തന്നെ ഫോൺ ഹൈകോടതി രജിസ്ട്രാറിന് കൈമാറണമെന്നാണ് ജസ്റ്റിസ് ഗോപിനാഥിന്‍റെ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.
ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് ശേഷം നാലുപേരും ഫോണ്‍ മാറ്റിയിട്ടുണ്ടെന്നും ഫോണ്‍ സുപ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍ ആദ്യ ദിനത്തില്‍ വാദിച്ചിരുന്നു. തങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തി ഫലം കൈമാറാമെന്ന ദിലീപിന്‍റെ അഭിഭാഷകന്‍റെ നിലപാട് കേട്ടു കേള്‍വിയില്ലാത്തതാണ്. ദിലീപിന് കൂടുതല്‍ സമയം നല്‍കുന്നത് അപകടകരമാണ്, അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം അന്വേഷണപുരോഗതിയെ ബാധിക്കുന്നുണ്ട്, ദിലീപ് കേസ് അന്വേഷണത്തോട് സഹകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ വ്യക്തമക്കിയിരുന്നു.
അതേ സമയം അന്വേഷണ ഉദ്യാഗസ്ഥരെ വകവരുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഡാലോചന നടത്തിയെന്ന കേസിൽ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. കൊച്ചി എം.ജി റോഡിലെ മേത്തർ ഹോം ഫ്ലാറ്റിൽ 2017 ഡിസംബറിൽ നടന്ന ചർച്ച ഗൂഢാലോചനയുടെ ഭാഗമാണ്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ് എന്നിവർ ഇവിടെ ഒത്തുകൂടിയെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
2018 മേയിൽ ആലുവ പോലീസ് ക്ലബിന് സമീപത്ത് കൂടി വാഹനത്തിൽ പോകുമ്പോൾ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ആക്രമണത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 2019 ലും ഇത്തരത്തിൽ ഗൂഢാലോചന നടന്നതായും അന്വേഷണ സംഘം പറയുന്നു. എന്നാൽ കോടതി അനുവദിച്ച സമയത്തിനുള്ളിൽ ഫോൺ കൈമാറാൻ ദിലീപിന് കഴിഞ്ഞില്ലെങ്കിൽ അത് കൂടുതൽ കുരുക്കായി മാറും. നിലവിലെ അറസ്റ്റ് വിലക്ക് ഉൾപ്പെടെ മാറ്റാൻ കോടതി തയാറാകുമോ എന്നതാണ് ശ്രദ്ധേയം.