നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്

Jaihind News Bureau
Friday, December 12, 2025

നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷ വിധിച്ചു. 20 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം 40 വയസിന് താഴെയാണ് എന്നത് പരിഗണിച്ചാണ് ചെറിയ ശിക്ഷ നല്‍കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവം നടത്തിയത്. ഒന്നാം പ്രതി മൂന്നര ലക്ഷം രൂപയും രണ്ടാം പ്രതി ഒന്നര ലക്ഷവും മറ്റ് പ്രതികള്‍ ഒന്നേകാല്‍ ലക്ഷവും പിഴ തുക അടയ്ക്കണം. പ്രതികളുടെ ശിക്ഷയിന്മേലുള്ള വാദം കോടതിയില്‍ പൂര്‍ത്തിയായിരുന്നു. കോളിളക്കമുണ്ടായ കേസെന്നും പ്രതികളുടെ കുടുംബ പശ്ചാത്തലവും കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വിജീഷ് വി പി, എച്ച്. സലീം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പ്രതികള്‍ക്കെല്ലാം പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷയില്ല.  ‘പ്രതികളെല്ലാം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനത്തിലാണ് പങ്കാളികളായത്. ഗൂഢാലോചനയുടെ ഭാഗമായുള്ളതും മുന്‍കൂട്ടി തീരുമാനിച്ചതുമായ പ്രവൃത്തിയാണ് ഉണ്ടായത്. പ്രതികള്‍ കണ്ണികളായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ എല്ലാവര്‍ക്കും കടുത്ത ശിക്ഷ നല്‍കണം,’ പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്നും സമൂഹത്തിലെ മറ്റ് ചർച്ചകള്‍ ബാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിജീവിത അനുഭവിക്കുന്ന മാനസിക ആഘാതം കോടതി മനസ്സിലാക്കണമെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കേണ്ടതുണ്ടോ, ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കണക്കിലെടുത്തല്ലേ ശിക്ഷ വിധിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു. എന്നാല്‍ എല്ലാവര്‍ക്കും കൃത്യത്തില്‍ ഒരേ പങ്കാളിത്തം ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. മറ്റ് പ്രതികളെപ്പോലെയല്ല പള്‍സര്‍ സുനി എന്നും, ഒന്നാം പ്രതി സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചയാളാണെന്നും നിരവധി കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടയാളാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ഗൂഢാലോചന തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.