
രാജ്യം ഏറെ ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പ്രസ്താവിച്ച വിധി സമൂഹത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കേസില്‍ ആറ് പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്. എന്നാല്‍, ഏറ്റവും ക്രൂരമായ കുറ്റകൃത്യം ചെയ്ത ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് പോലും പരമാവധി ശിക്ഷയായ ജീവപര്യന്തം വാങ്ങി നല്കാന് പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇത്, കേസിന്റെ നിയമപരമായ നടത്തിപ്പിലും പ്രതികള്‍ക്ക് അര്‍ഹമായ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിലും വന്ന വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
പ്രതികള്‍ ഇതിനോടകം അനുഭവിച്ച തടവുകാലം കൂടി കണക്കിലെടുക്കുമ്പോള്‍, ശിക്ഷയുടെ ആകെ കാലാവധിയില്‍ കാര്യമായ കുറവുണ്ടാകും. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏകദേശം ഏഴര വര്‍ഷം തടവ് അനുഭവിച്ചു കഴിഞ്ഞതിനാല്‍, ഇനി അനുഭവിക്കേണ്ടിവരുന്നത് 13 വര്‍ഷം തടവ് മാത്രമാണ്. അതായത്, പ്രതികളില്‍ ഏറ്റവും ആദ്യം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധ്യതയുള്ളത് ഈ കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനും നടത്തിപ്പുകാരനുമായ പള്‍സര്‍ സുനി ആയിരിക്കും. അതുപോലെ, രണ്ടാം പ്രതിയായ മാര്‍ട്ടിനും ഇനി ബാക്കിയുള്ളത് 13 വര്‍ഷം തടവ് മാത്രമാണ്.
ഈ വിധി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിധി പ്രസ്താവത്തിനു ശേഷം പ്രോസിക്യൂഷന് പ്രതികരിച്ചത്. എന്നാല്‍, രാജ്യം ഉറ്റുനോക്കിയ ഒരു കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്കാന് പോലും കഴിയാതെ പോയത്, സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കഴിയാതെ വരുമ്പോള്‍, അത് നിയമ വ്യവസ്ഥയിലുള്ള സാധാരണക്കാരുടെ വിശ്വാസ്യതയെയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്റെ ശക്തിയെയും ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്.