നടിയെ ആക്രമിച്ച കേസ് ; ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി

Jaihind Webdesk
Tuesday, December 17, 2024


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പള്‍സര്‍ സുനിയുടെ ആവശ്യം തള്ളിയത്.

സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. രണ്ട് പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.