നടിയെ ആക്രമിച്ച കേസ്; ആർ. ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ ഹർജി, അന്തിമവാദം ഇന്ന് തുടങ്ങിയേക്കും.

Jaihind Webdesk
Wednesday, December 11, 2024

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുൻ ഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകി.   വിചാരണ കോടതിയിലാണ് നടി ഹർജി നൽകിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ വാദം. കേസിന്‍റെ അന്തിമവാദം ഇന്ന് തുടങ്ങിയേക്കും

ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ചില ഓൺലൈൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും തന്‍റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്.

നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് അന്ന് അവര്‍ പറഞ്ഞത്.

കേസിന്‍റെ സാക്ഷിവിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. അടുത്ത മാസം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി.

കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയിരിക്കുന്നത്.