നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർന്നതിൽ പോലീസ് അന്വേഷണമില്ല, അതിജീവിതയുടെ ഹര്‍ജി തളളി കോടതി

Jaihind Webdesk
Monday, October 14, 2024

 

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹര്‍ജി ഹൈക്കോടതി തളളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്നും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതാണ് കോടതി തള്ളിയത്. കേസിൽ പോലിസ് അന്വേഷണം ആവശ്യമില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നാണ് അതിജീവിത മുന്നോട്ട് വെക്കുന്നകാര്യം. ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് വിധിയുടെ പകർപ്പ് ലഭിച്ചശേഷം പുതിയ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത പറഞ്ഞു.