എറണാകുളം: നടൻ സൗബിൻ ഷാഹിറിന്‍റെ കൊച്ചി ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനി, ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്.
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ സാമ്പത്തിക വിജയത്തിന്‍റെ പേരിൽ വലിയ തോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണം സൗബിൻ ഷാഹിർ നേരിട്ടിരുന്നു. സംഭവത്തിൽ ഇഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇൻകംടാക്സിന്‍റെ കൊച്ചി യൂണിറ്റും അന്വേഷണം നടത്തുന്നത്. വിവരശേഖരണത്തിന്‍റെ ഭാഗമായാണ് പരിശോധന എന്നാണ് വിവരം.
മഞ്ഞുമ്മൽ ബോയ്‌സിന്‍റെ നിർമാതാക്കൾ വഞ്ചിച്ചെന്ന് കാണിച്ച് ആലുവ സ്വദേശിയായ സിറാജ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസ് എടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും നിർമാണച്ചെലവ് കൂട്ടിക്കാണിച്ചെന്നുമായിരുന്നു സിറാജ് നൽകിയ പരാതി. നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു.
എന്നാൽ 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പോലീസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.