നടനും മിമിക്രി താരവുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു

 

കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും സിനിമാ താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 61 വയസായിരുന്നു. 250-ലേറെ സിനിമകളിൽ വേഷമിട്ടു.

ഹംസ-സുബൈദ ദമ്പതികളുടെ മകനായി മട്ടാഞ്ചേരിയില്‍ ജനനം. മിമിക്രിയിലൂടെ തുടങ്ങിയാണ് സിനിമയിലേക്കെത്തിയത്. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി. സുഹൃത്തും പ്രശസ്ത മിമിക്രി, സിനിമാ താരവുമായിരുന്ന സൈനുദ്ദീനാണ് ഹനീഫിനെ കൊച്ചിൻ കലാഭവനിലെത്തിച്ചത്. സിദ്ദിഖ്, ലാൽ, ജയറാം, സൈനുദ്ദീൻ, ഹരിശ്രീ അശോകൻ തുടങ്ങിയവർക്കൊപ്പം കലാഭവനിൽ പ്രവർത്തിച്ചു. നാടക വേദികളിലും സജീവമായിരുന്നു. ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.

1990-ല്‍ പുറത്തിറങ്ങിയ ചെപ്പുകിലുക്കണ ചങ്ങാതിയാണ് ആദ്യ ചിത്രം. പറക്കും തളിക, പാണ്ടിപ്പട, നല്ലവൻ, തുറുപ്പുഗുലാൻ, ജനപ്രിയൻ, സോൾട്ട് ആന്‍റ് പെപ്പർ, ഈ അടുത്തകാലത്ത്, തത്സമയം ഒരു പെൺകുട്ടി, വെള്ളരിപ്രാവിന്‍റെ ചങ്ങാതി, ഉസ്‌താദ് ഹോട്ടൽ, 2018 തുടങ്ങിയവയാണ് പ്രധാന സിനിമകൾ. ജലധാര പമ്പ്സെറ്റ് ആണ് അവസാനം പുറത്തുവന്ന ചിത്രം. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ് ഹനീഫ്, സിതാര ഹനീഫ്.

Comments (0)
Add Comment