‘മഴയാണ് പ്രശ്നമെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലല്ലോ’ ; മന്ത്രിയുടെ സാന്നിധ്യത്തില്‍ വിമർശനവുമായി ജയസൂര്യ

Jaihind Webdesk
Saturday, December 4, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ റാഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി നടൻ ജയസൂര്യ. റോഡ് പണിക്ക് തടസം എന്തെന്ന് ജനത്തിന് അറിയേണ്ട കാര്യമില്ലെന്നും നികുതി അടക്കുന്നവർക്ക് നല്ല റോഡ് വേണമെന്നും
ജയസൂര്യ ചൂണ്ടിക്കാട്ടി. നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് ഒരു പൗരന്‍റെ അപേക്ഷയോ ആഗ്രഹമോ അല്ലെന്നും അവകാശമാണ്. മഴയാണ് പ്രശ്നമെങ്കിൽ ചിറാപുഞ്ചിയിൽ റോഡ് ഉണ്ടാകില്ലെന്നും ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ മുന്നില്‍വെച്ചായിരുന്നു ജയസൂര്യയുടെ പ്രതികരണം.

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടന വേളയിലായിരുന്നു ജയസൂര്യയുടെ വിമർശനം. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന സർക്കാർ വാദം ജനം അറിയേണ്ടതില്ല. അങ്ങനെയാണെങ്കിൽ ചിറാപുഞ്ചിയിൽ റോഡേ ഉണ്ടാകില്ല എന്നായിരുന്നു മന്ത്രിയെ മുന്നിലിരുത്തി താരത്തിന്‍റെ ഡയലോഗ്. റോഡിലെ കുഴികളിൽ വീണ് ജനം മരിക്കുമ്പോൾ കരാറുകാരനാണ് ഉത്തരവാദിത്വമെന്നും ജയസൂര്യ പറഞ്ഞു.

‘വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ ‘കേരളമെത്തി’ എന്നു പറയേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിൽ കുണ്ടും കുഴിയുമുള്ള റോഡ് മൂലം എത്രയോ അപകടങ്ങളും മരണങ്ങളുമുണ്ടാകുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും? കേരളത്തിൽ പലയിടത്തും കൂൺ പോലെ ടോൾ ബൂത്ത് പൊങ്ങുകയാണ്. കാലാവധി കഴിഞ്ഞിട്ടും ജനങ്ങളിൽനിന്നു പണം പിരിക്കുന്നു. അതു നിയന്ത്രിക്കാനാകണം. ഇവിടെ എല്ലാത്തിനും വില കൂടിയിട്ടും ആളുകളുടെ വരുമാനം മാത്രം കൂടുന്നില്ലെന്നോർക്കണം’ – ജയസൂര്യ പറഞ്ഞു.

അതേമയം റോഡ് അറ്റകുറ്റപ്പണിയുടെ പൂർണ്ണ ഉത്തരവാദിത്തം കരാറുകാർക്കെന്ന് ആവർത്തിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. ഡിഫക്ട് ലയബിലിറ്റി കാലാവധിയിലുള്ള റോഡുകളുടെ കരാറുകാർ, കരാറുകാരുടെ ഫോൺ നമ്പർ, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍റെ ഫോൺ നമ്പർ എന്നിവ പുതിയ പദ്ധതി പ്രകാരം ബോർഡിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.