‘തിരുവോണദിവസവും നമ്മുടെ കർഷകർ പട്ടിണിയിലാണ് സാർ’; മന്ത്രിമാരെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി നടന്‍ ജയസൂര്യ

Jaihind Webdesk
Wednesday, August 30, 2023

 

കൊച്ചി: മന്ത്രിമാരെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ജയസൂര്യ. സർക്കാരിന്‍റെ കർഷകദ്രോഹ സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ വേദിയിലിരിക്കെയാണ് സർക്കാരിന്‍റെ കർഷകരോടുള്ള സമീപനത്തിലെ അപാകത നടന്‍ തുറന്നുകാട്ടിയത്. നെല്ല് സംഭരിച്ച് നാലു മാസമായിട്ടും കർഷകർക്ക് സർക്കാര്‍ പണം നല്‍കിയില്ലെന്നും തിരുവോണ ദിവസവും കർഷകർ പട്ടിണിയിലാണെന്നും  ജയസൂര്യ ചൂണ്ടിക്കാട്ടി. പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ പറഞ്ഞു. കളമശേരി കാർഷികോത്സവ വേദിയിലായിരുന്നു മന്ത്രിമാരെ ഇരുത്തിക്കൊണ്ട് ജയസൂര്യ തുറന്നടിച്ചത്.

കളമശേരിയിലെ വേദിയില്‍ നടന്‍ ജയസൂര്യ പറഞ്ഞത്:

രണ്ടാമത്തെ ഒരു കാര്യം എന്തെന്നാൽ, കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറിയ പ്രശ്നങ്ങളല്ല. പ്രസാദ് അവർകൾ മന്ത്രിയായതുകൊണ്ട് ചില കാര്യങ്ങൾ അദ്ദേഹത്തിന്‍റെ ചെവിയിലെത്താൻ വല്ലാതെ വൈകും. ഒരു സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനായിരിക്കുമെന്ന് തമാശയ്ക്കു പറയാറുണ്ട്. ഇവിടെ സംസാരിക്കുന്നത് നടൻ ജയസൂര്യയല്ല. ഒരു സാധാരണക്കാരനായ വ്യക്തിയാണ് അങ്ങയെ ചില കാര്യങ്ങൾ ഓർമിപ്പിക്കുന്നത്.

എന്‍റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് നടൻ കൂടിയായ അദ്ദേഹത്തിന്‍റെ പേര്. അദ്ദേഹം കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തിയാണ്. 5–6 മാസമായി നെല്ലു കൊണ്ടുപോയി കൊടുത്തിട്ട് അദ്ദേഹത്തിന് ഇതുവരെ സപ്ലൈക്കോയിൽനിന്ന് പൈസ കിട്ടിയിട്ടില്ല. തിരുവോണ ദിവസം അവർ ഉപവാസമിരിക്കുകയാണ്. ഒന്ന് ആലോചിച്ചു നോക്കൂ, നമ്മുടെ കൃഷിക്കാർ അവരുടെ കാര്യങ്ങൾ നേടിയെടുക്കാൻ തിരുവോണ ദിവസം പട്ടിണി ഇരിക്കുകയാണ്. എന്തുകൊണ്ടാണ് ഉപവാസമിരിക്കുന്നത് എന്ന് അറിയാമോ? കാര്യങ്ങൾ നടത്തിയെടുക്കാനല്ല, അധികാരികളുടെ ശ്രദ്ധയിലേക്ക് ഇതൊന്ന് എത്തിക്കാനായിട്ടാണ് അർ കഷ്ടപ്പെടുന്നത്. അതുകൊണ്ട് അവർക്കു വേണ്ടിയാണ് ഞാൻ ഇക്കാര്യം സംസാരിക്കുന്നത്. ഒരിക്കലും വേറൊരു രീതിയിൽ ഇതിനെ കാണരുത്.

ഒന്നു രണ്ട് പോയിന്‍റുകൾ ഇവിടെ പറഞ്ഞതിനെക്കുറിച്ചും പറയാനുണ്ട്. കാരണം, അവർക്ക് അത് പറയാൻ ഇവിടെ അവസരം കിട്ടണമെന്നില്ല. അതുകൊണ്ട് അവരുടെ പ്രതിനിധിയായി ഞാൻ അത് ഇവിടെ പറയുകയാണ്. പുതിയ തലമുറയിലുള്ള ചെറുപ്പക്കാർക്ക് ഷർട്ടിൽ ചെളി പുരളുന്നതൊന്നും താൽപര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് എങ്ങനെയാണ് സർ, ഇതിലേക്ക് വീണ്ടും ഒരു തലമുറ കൂടി വരുന്നത്? ഒരിക്കലും വരില്ല. കാരണം, കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലല്ലേ പുതിയ തലമുറ ഇതിലേക്കു വരൂ. അതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് വലിയൊരു നടപടിയുണ്ടാകണം എന്നാണ് എന്‍റെ അഭ്യർഥന.

രണ്ടാമതായി, നമ്മൾ പച്ചക്കറികൾ അധികം കഴിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇവിടുത്തെ ഒരു സ്ഥിതിവച്ച് പച്ചക്കറികൾ കഴിക്കാൻ പോലും നമുക്കു പേടിയാണ് സർ. കാരണം, വിഷമടിച്ച പച്ചക്കറികളാണ് ഇവിടെ എത്തുന്നത്. കേരളത്തിനു പുറത്തുനിന്നും കൊണ്ടുവരുന്ന പച്ചക്കറികളാണ് നമ്മൾ കഴിക്കുന്നത്. വിഷമടിച്ച പച്ചക്കറികളാണ് അങ്ങനെ വരുന്നതിൽ അധികവും. ഞാൻ പാലക്കാട് ഒരു അരിമില്ലിൽ പോയപ്പോൾ, അരിയുടെ ഒരു ബ്രാൻഡ് കണ്ടു. നമ്മുടെ നാട്ടിൽ കാണാത്ത ഒന്ന‌്. മില്ലിന്‍റെ ഉടമയോട് ഇത് ഏത് ബ്രാൻഡാണ് എന്ന് അന്വേഷിച്ചു. അത് ഇവിടെ വിൽക്കാനല്ലെന്നും, ഫസ്റ്റ് ക്വാളിറ്റിയെന്ന നിലയിൽ പുറത്തേക്ക് കയറ്റി അയയ്ക്കാനുള്ളതാണെന്നുമായിരുന്നു മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാർക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതയില്ലേ? നമ്മൾ പൈസ കൊടുത്ത് അത് വാങ്ങില്ലേ? ഇവിടെ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ് അയാൾ പറഞ്ഞത്. ഇവിടെ എന്തുകൊടുത്താലും പ്രത്യേകിച്ച് പരിശോധനയൊന്നുമില്ലാതെ വിടുമെന്ന് അയാൾ പറഞ്ഞു. ഇങ്ങനെയുള്ള വിഷപ്പച്ചക്കറികളും സെക്കൻഡ് ക്വാളിറ്റി, തേഡ് ക്വാളിറ്റി അരിയും കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ.

ഇവിടെ പല വൻകിട പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതിൽ നമുക്ക് അഭിമാനമുണ്ട്. പക്ഷേ, ക്വാളിറ്റി ചെക്കിംഗിനായുള്ള അടിസ്ഥാനപരമായ സൗകര്യമാണ് ഇവിടെ ആദ്യം വരേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയാണെങ്കിൽ നല്ല ക്വാളിറ്റിയുള്ള പച്ചക്കറിയും അരിയും നമുക്ക് ഇവിടെ ലഭിക്കും. ഇതൊരു ഓർമപ്പെടുത്തൽ മാത്രമാണ്. ചിലപ്പോൾ ഇതെല്ലാം അങ്ങയുടെ ചെവിയിലേക്ക് എത്താൻ സമയമെടുക്കും. അതുകൊണ്ടു മാത്രമാണ് ഞാൻ ഇതെല്ലാം ഇവിടെ പറഞ്ഞത്. ഇവന് ഇതെല്ലാം അകത്തു പറഞ്ഞാൽ പോരേ എന്ന് അദ്ദേഹം ചിലപ്പോൾ ചിന്തിക്കും. സർ, അകത്തിരുന്ന് പറഞ്ഞാൽ താങ്കൾ കേൾക്കുന്ന കുറേയേറെ പ്രശ്നങ്ങളിൽ ഒന്നു മാത്രമായി ഇതും മാറും. ഇത്രയും പേരുടെ മുന്നിൽ പറയുമ്പോൾ താങ്കളും ഇതിനെ ഗൗരവത്തിലെടുക്കും എന്ന് വിശ്വസിച്ചാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു. നന്ദി.