
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡ് സ്ഥാനാര്‍ഥിയായ വൈഷ്ണ സുരേഷ് ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പേര് വെട്ടിയ നടപടി റദ്ദാക്കണം എന്നാണ് പ്രധാന ആവശ്യം. വോട്ടര്‍ പട്ടികയില്‍ പിഴവ് സംഭവിച്ചെന്നും ഇത് തിരുത്തി തന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സ്ഥാനാര്‍ഥിയുടെ വാദം. ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപ്പീലും നല്‍കിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയര്‍ത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാക്കാന്‍ വേണ്ടിയാണ് വോട്ടര്‍ പട്ടിക വൈകിപ്പിച്ചതെന്ന് യുഡിഎഫ് ഇന്നലെ തന്നെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിഷയം രാഷ്ട്രീയമായി സംസ്ഥാനതലത്തില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് നീക്കം ആരംഭിച്ചിരിക്കുന്നത്.