പ്രതികാര നടപടി സ്വീകരിച്ച പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി വേണം; പിന്നോട്ടില്ലെന്ന് കോട്ടയത്തെ പ്രവാസി വ്യവസായി

Jaihind Webdesk
Wednesday, November 8, 2023

 

കോട്ടയം: മാഞ്ഞൂർ പഞ്ചായത്ത് അധികൃതർക്കെതിരെ പരാതിയുമായി പ്രവാസി ഷാജിമോൻ ജോർജ്. തനിക്കെതിരെ പ്രതികാര നടപടിയെടുത്ത പഞ്ചായത്തിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. ഈ വിഷയം കളക്ടറുമായി ഇന്നു നടത്തുന്ന കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് ഷാജിമോൻ വ്യക്തമാക്കി.

ഇന്നലെയായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിലെ റോഡിൽ കിടന്ന് പ്രവാസിയും വ്യവസായിയുമായ ഷാജിമോൻ ജോർജ് പ്രതിഷേധിച്ചത്. തന്‍റെ ആറുനില കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകാൻ പഞ്ചായത്ത് അധികൃതർ തയാറെല്ലെന്നും തന്‍റെ ആവശ്യം പൂർത്തിയാകുന്നതുവരെ സമരം തുടരുമെന്നുമായിരുന്നു ഷാജിമോന്‍റെ നിലപാട്. ഒടുവിൽ മോൻസ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഇടപെട്ടതോടെ പഞ്ചായത്ത് അധികൃതർ 3 രേഖകൾ ഹാജരാക്കിയാല്‍ കെട്ടിട നമ്പർ അനുവദിക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് ഷാജിമോൻ തന്‍റെ സമരം അവസാനിപ്പിച്ചത്.

എന്നാൽ ഈ സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി വേണമെന്നാണ് ഷാജിമോന്‍റെ ആവശ്യം. 36-ഓളം രേഖകൾ ഹാജരാക്കിയാൽ മാത്രമേ തനിക്ക് കെട്ടിട നമ്പർ നൽകുമെന്നാണ് ആദ്യം പഞ്ചായത്ത് അധികൃതർ പറഞ്ഞതെന്നും ഈ വിഷയം താൻ മാധ്യമങ്ങളോട് പങ്കുവെച്ചപ്പോൾ തന്‍റെ വ്യവസായ സംരംഭത്തിൽ എത്തി അവിടെയുണ്ടായിരുന്ന അതിഥികളോട് അടക്കം അപമര്യാദയായി പഞ്ചായത്ത് അധികൃതർ പെരുമാറിയെന്നും തനിക്ക് പഞ്ചായത്ത് അധികൃതരിൽ നിന്നും നേരിട്ട ദുരനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും ഷാജിമോൻ വ്യക്തമാക്കി. ഈ വിഷയം താൻ ഇന്ന് കളക്ടറും വ്യവസായ വകുപ്പുമായി നടക്കുന്ന കൂടിക്കാഴ്ചയിലും ഉന്നയിക്കുമെന്നും ഷാജിമോന്‍ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഷാജിമോൻ ആവശ്യപ്പെടുന്നു.

പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍റെ ആറുനില കെട്ടിടം നിർമ്മിക്കാന്‍ പെർമിറ്റ് നൽകണമെങ്കിൽ കൈക്കൂലി തരണം എന്ന് പഴയ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വിജിലൻസിൽ ഷാജിമോൻ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിനു പിന്നാലെയാണ് പഞ്ചായത്ത് അധികൃതർ തന്നോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നത് എന്നാണ് ഷാജിമോന്‍റെ ആരോപണം.