ലോയേഴ്സ് കോണ്‍ഗ്രസ് പുനഃസംഘടന; അഡ്ഹോക്ക് കമ്മിറ്റിക്ക് വിരുദ്ധമായ പ്രവർത്തനം അച്ചടക്കലംഘനം: കെപിസിസി

Jaihind Webdesk
Monday, August 28, 2023

 

തിരുവനന്തപുരം: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്‍റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട മെമ്പര്‍ഷിപ്പ് വിതരണവും തിരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി കെപിസിസി അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ അച്ചടക്കലംഘനമാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു.

കെപിസിസി ലീഗല്‍ എയിഡ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. വി.എസ്. ചന്ദ്രശേഖരന്‍ പ്രസിഡന്‍റായ കമ്മിറ്റിയില്‍ പതിനാല് ജില്ലാ പ്രസിഡന്‍റുമാരും മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരും ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പ്രതിനിധികളും ബാര്‍ കൗണ്‍സില്‍ മെമ്പര്‍മാരും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്‍റെ ചുമതവഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറും ഉള്‍പ്പെടെയുള്ളവർ അംഗങ്ങളായ അഡ്ഹോക്ക് കമ്മിറ്റിയാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി നാമനിര്‍ദ്ദേശം ചെയ്‌തിട്ടുള്ളത്.

പുതിയ മെമ്പർഷിപ്പ് വിതരണം നടത്തി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നതാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ ചുമതല. മെമ്പർഷിപ്പ് വിതരണം നടത്തി യൂണിറ്റുകൾ രൂപീകരിച്ച് പുതിയ സെക്രട്ടേറിയറ്റ് ആകുന്നതുവരെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള അധികാരം അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്‍റെ സംഘടനാ പ്രവർത്തനത്തിന് അനിവാര്യമായ കാര്യങ്ങൾക്ക് തീരുമാനം എടുക്കുവാനും ഈ സമിതിക്ക് അധികാരമുണ്ട്. പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ ഈ നിർദ്ദേശം എല്ലാവരും അംഗീകരിക്കണമെന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.