പി.വി ശ്രീനിജിൻ എംഎല്‍എയ്ക്കെതിരെ നടപടി; മിനി കൂപ്പർ വിവാദത്തിൽ അനിൽ കുമാറിന്‍റെ പാര്‍ട്ടി അംഗത്വം റദ്ദാക്കും

കൊച്ചി: ഒരിടവേളക്ക് ശേഷം എറണാകുളത്തെ സി.പി.എമ്മിൽ വീണ്ടും അച്ചടക്ക നടപടി.പി.വി.ശ്രീനിജിൻ എം.എൽ.എക്കെതിരെയും മിനി കൂപ്പർ വിവാദത്തിൽ ഉൾപ്പെട്ട സി.ഐ.ടി.യു നേതാവ് അനിൽ കുമാറിനെതിരെയും നടപടി എടുക്കാനാണ് ഇന്ന് ചേർന്ന സി.പി.എം ജില്ല കമ്മിറ്റി തീരുമാനമെടുത്തത്. എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങളിൽ വീഴ്ച്ച വരുത്തിയ നേതാക്കൾക്കെതിരെ കർശന നടപടി വേണ്ടന്ന് യോഗത്തിൽ തീരുമാനിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ സാന്നിധ്യത്തിലാണ് ഇന്ന് ജില്ല കമ്മിറ്റി യോഗം നടന്നത്. യോഗത്തിൽ കുന്നത്ത് നാട് എം.എൽ.എ പി.വി ശ്രീനിജനെ ജില്ല സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ചു.സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷ മേഴ്സിക്കുട്ടനുമായുള്ള തർക്കങ്ങളും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പി.വി.ശ്രീനിജിന്‍റെ സ്ഥാനചലനത്തിന് കാരണമായത്. മിനി കൂപ്പര്‍ വിവാദത്തില്‍ സിഐടിയു യൂണിയൻ നേതാവ് അനില്‍കുമാറിന്‍റെ പാര്‍ട്ടി അംഗത്വം റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. സിഐടിയു സംസ്ഥാന നേതൃപദവികളില്‍ നിന്ന് അനില്‍കുമാറിനെ മാറ്റാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.എന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വീഴ്ച്ച വരുത്തിയ നേതാക്കൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ല.ലോക് സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ നടപടി ശാസനയിലെതുക്കാൻ ജില്ല കമ്മിറ്റിയിൽ തീരുമാനമായി. തൃക്കാക്കരയിൽ ചില ദുഷ്പ്രവണതകൾ ഉണ്ടായിട്ടുണ്ടെന്നും മേലിൽ ഇതാവർത്തിക്കരുതെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ പ്രധാന നേതാക്കൾ ഉൾപ്പെടെ വരുത്തിയ വീഴ്ച്ചയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിൻ്റെ ആഴം വർധിപ്പിച്ചതെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, എ.കെ ബാലൻ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ ജില്ല കമ്മിറ്റി ശരിവെച്ചു.അതേസമയം തൃക്കാക്കരയിലെ പരാജയം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മീഷനുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ സഹകരിച്ചില്ലെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു.

Comments (0)
Add Comment