കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല : പിതാവിന്‍റെ പേരില്‍  ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍  ; ക്യാമ്പ് ആശ്വാസമായി ;  വേദി ഒരുക്കിയത് ഇന്‍കാസ് യു.എ.ഇ

B.S. Shiju
Thursday, September 17, 2020

ഷാര്‍ജ (യു.എ.ഇ ) : കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടം മകള്‍ തീര്‍ത്തത് പിതാവിന്‍റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യു.എ.ഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്‍റെ സംഘാടകര്‍.

നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കുന്നതില്‍ എക്കാലത്തും മുന്നില്‍ നിന്ന ജനകീയ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഉമ്മന്‍ ചാണ്ടി കേരള നിയമസഭാംഗമായതിന്‍റെ അമ്പതാം വാര്‍ഷിക നിറവിലാണ് പ്രവാസ ലോകത്ത് ഇത്തരത്തില്‍ സാധാരണക്കാര്‍ക്കായി ഇത്തരത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടപ്പിച്ചത്. ഇപ്രകാരം ഉമ്മന്‍ ചാണ്ടി എന്ന പിതാവിന്‍റെ അസാന്നിധ്യത്തില്‍ മകള്‍ അച്ചു ഉമ്മന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചാണ് ഈ ലളിതമാര്‍ന്ന ക്യാമ്പിന് ഷാര്‍ജയില്‍ തുടക്കമിട്ടത്. അച്ചുവിന്‍റെ സഹോദരങ്ങളായ മറിയവും ചാണ്ടിയുമെല്ലാം കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുത്തപ്പോള്‍ കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ മൂലം അച്ചുവിന് പങ്കെടുക്കാന്‍ കഴിഞ്ഞിരിന്നില്ല. ഇപ്രകാരം ഈ സങ്കടക്കാലത്ത് പിതാവിന്‍റെ പേരിലുള്ള ഈ പുണ്യ പ്രവര്‍ത്തിയിലൂടെ ആശ്വാസമായതായി അച്ചു ഉമ്മന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം നേരത്തെ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കായാണ് ക്യാമ്പിലൂടെ ആരോഗ്യ പരിശോധന നല്‍കിയത്. അതിനാല്‍ കൊവിഡ് കാലത്ത് വലിയ രീതിയിലുള്ള തിരക്ക് ഒഴിവാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ദുബായ്, ഷാര്‍ജ , അജ്മാന്‍, റാസല്‍ഖൈമ എന്നീ നാല് എമിറേറ്റുകളില്‍ ഇത്തരത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതായി ഇന്‍കാസ് യു.എ.ഇ ആക്ടിംഗ് പ്രസിഡന്‍റ് ടി.എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഇ.പി ജോണ്‍സണ്‍, ഷാര്‍ജ ഇന്‍കാസ് പ്രസിഡന്‍റ് അഡ്വ. വൈ.എ റഹിം, ദുബായ് ഇന്‍കാസ് പ്രസിഡന്‍റ് നദീര്‍ കാപ്പാട്, അജ്മാന്‍ ഇന്‍കാസ് പ്രസിഡന്‍റ് നസീര്‍ മുറ്റിച്ചൂര്‍, മെഡിക്കല്‍ ക്യാമ്പ് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഷാജി ഷംസുദ്ദീന്‍, സി.പി ജലീല്‍, അബ്ദുല്‍ മനാഫ്, മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.