കൊച്ചി: ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ റിമാൻഡ് ചെയ്തു. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ് കോടതിയാണ് രണ്ട് പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഡിസംബർ 20 വരെയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതിയായ അശ്വതിയെ കാക്കനാട് വനിതാ ജയിലിലേക്കും ഷാനിഫിനെ ആലുവ സബ് ജയിയിലിലേക്കും മാറ്റും.
കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയെയും പങ്കാളിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അമ്മ അശ്വതിയുടെയും പങ്കാളി ഷാനിഫിന്‍റെയും അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയത് . സാക്ഷിമൊഴികളും സാഹചര്യതെളിവുകളും പരിമിതമായ കേസിൽ ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ ദേഹത്ത് പ്രതിയായ ഷാനിഫ് കടിച്ച പാടുകൾ സ്ഥിരീകരിക്കാൻ ഡെന്‍റൽ സാംപിൾ ഇന്ന് ശേഖരിക്കും.
ഡിസംബര്‍ ഒന്നിനാണ് ഷാനിഫും അശ്വതിയും കുഞ്ഞുമൊത്ത് എളമക്കരയിലെ ലോഡ്ജില്‍ മുറിയെടുത്തത്. മൂന്നാം തിയതി പുലര്‍ച്ചെയായിരുന്നു കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന കുഞ്ഞിന്‍റെ തല ഷാനിഫിന്‍റെ കാല്‍മുട്ടില്‍ ഇടിക്കുകയും തുടർന്ന് തലക്കേറ്റ ക്ഷതമാണ് കുഞ്ഞ് മരിക്കാന്‍ കാരണമായതും.കുഞ്ഞിന്‍റെ ശരീരത്തില്‍ കടിച്ചാണ് ഷാനിഫ് മരണം ഉറപ്പാക്കിയത്. തുടര്‍ന്ന് നേരം വെളുത്തപ്പോഴാണ് മരിച്ച കുഞ്ഞുമായി ഷാനിഫും അശ്വതിയും ആശുപത്രിയിലേക്ക് തിരിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.