
ജിദ്ദയിൽ നിന്നും 160 യാത്രക്കാരുമായി കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ് 398) സാങ്കേതിക തകരാറിനെത്തുടർന്ന് നെടുമ്പാശേരിയിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ് ഗിയറിലെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിച്ചത്. അടിയന്തര ലാൻഡിങ്ങിനുള്ള അറിയിപ്പ് ലഭിച്ചതോടെ സിയാൽ (CIAL) അധികൃതർ വിമാനത്താവളത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
രാത്രി 9.07-ഓടെയാണ് വിമാനം റൺവേയിൽ തൊട്ടത്. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തിയെങ്കിലും പൈലറ്റിന്റെ മനസാന്നിധ്യം വലിയൊരു ദുരന്തം ഒഴിവാക്കി. സിഐഎസ്എഫ്, അഗ്നിരക്ഷാ സേന, മെഡിക്കൽ സംഘം എന്നിവർ ആംബുലൻസുകളുമായി റൺവേയിൽ സജ്ജമായിരുന്നതിനാൽ രക്ഷാപ്രവർത്തനം വേഗത്തിലായി. വലിയ അപകടസാധ്യത മുന്നിൽക്കണ്ട അധികൃതർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന്റെ ആശ്വാസത്തിലാണ്.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ച് വിമാനത്താവളത്തിനുള്ളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് പകരമായി മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടയർ പൊട്ടിത്തെറിച്ച വിമാനം റൺവേയിൽ നിന്ന് മാറ്റുന്നതിനും സാങ്കേതിക പരിശോധനകൾ നടത്തുന്നതിനുമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചുവരികയാണ്.