എറണാകുളം: ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ശമ്പളം ലഭിക്കാത്തതിനുള്ള മനോവിഷമം മൂലമാണ് ഉണ്ണി ആത്മഹത്യ ചെയ്തതെന്ന് സഹപ്രവർത്തകർ പറയുന്നു. സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ 11 മാസമായി കമ്പനിയിൽ ശമ്പളം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ് എന്നാണ് ജീവനക്കാർ പറയുന്നത്.
ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വിൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഈ ചർച്ചകൾ പൂർണ്ണ വിജയത്തിൽ എത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. എന്നാൽ വ്യാഴാഴ്ച നടന്ന ചർച്ചയിൽ അങ്ങനെ ഒരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്.