കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

Jaihind Webdesk
Wednesday, March 22, 2023

 

തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി രൂപം നല്‍കി. കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സി ജോസഫ്, ജോസഫ് വാഴക്കൻ, അഡ്വ. ടി സിദ്ദിഖ് എംഎല്‍എ, എ.പി അനിൽ കുമാർ എംഎല്‍എ, അഡ്വ. എം ലിജു, അഡ്വ. കെ ജയന്ത് എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലകളിൽ നിന്ന് പുനഃസംഘടനാ സമിതി കെപിസിസിക്ക് കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക്‌ പ്രസിഡന്‍റുമാരുടെയും ലിസ്റ്റിൽ നിന്നും അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം. ജില്ലാതല ഉപസമിതികൾ കെപിസിസിക്ക് സമർപ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനഃസംഘടനാ പട്ടിക കെപിസിസിക്ക് കൈമാറാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്‍റ് നിർദ്ദേശം നൽകി. ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാവിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതിരഹിതമായിട്ടാണ് പുനഃസംഘടനാ പ്രക്രിയയുമായി കെപിസിസി മുന്നോട്ട് പോയതെന്നും ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.