പ്രളയബാധിതര്‍ക്കായി 15 സെന്‍റ് ഭൂമി നല്‍കി കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി

Jaihind Webdesk
Wednesday, August 29, 2018

പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാനായി സ്വന്തം പേരിലുള്ള 15 സെൻറ് ഭൂമി നൽകുമെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടി. ദുരിതബാധിതർക്ക് കെ.പി.സി.സി നൽകുന്ന ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കാൻ ഭൂമി വിട്ടുനൽകാനുള്ള സന്നദ്ധത അബ്ദുള്ളക്കുട്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചു. മുൻ എം.പി എന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും അബ്ദുള്ളക്കുട്ടി കൈമാറി.

കണ്ണൂരിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തിലാണ് പ്രളയബാധിതരെ സഹായിക്കാൻ തന്റെ പേരിലുള്ള 15 സെന്റ് ഭൂമി വിട്ടു നൽകാനുള്ള സന്നദ്ധത എ.പി അബ്ദുള്ളക്കുട്ടി പാർട്ടി നേതൃത്വത്തെ അറിയിച്ചത്. കുടുംബസ്വത്തായി ലഭിച്ച സ്വന്തം പേരിലുള്ള പത്ത് ലക്ഷത്തിലധികം രൂപ വില വരുന്ന 15 സെന്റ് സ്ഥലം കെ.പി.സി.സിയുടെ 1000 വീട് പദ്ധതിയിലേക്ക് വിട്ടുനല്‍കാനുള്ള സന്നദ്ധത എ.പി അബ്ദുള്ളക്കുട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ഈ സ്ഥലത്ത് നാല് കുടുംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കുവാൻ ആകുമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. പ്രളയദുരന്തത്തില്‍ നിന്നും സംസ്ഥാനം മോചിതമാവാന്‍ ഇനിയും ഏറെ സഹായങ്ങള്‍ ലഭിക്കേണ്ടതുണ്ട്. അതിനാലാണ് താന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും അത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഭൂമി നല്‍കാനുള്ള സമ്മതം കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചു കഴിഞ്ഞു. ഇതിനു പുറമേ മുന്‍ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു മാസത്തെ പെന്‍ഷന്‍ 25,700 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അബ്ദുള്ളക്കുട്ടി കൈമാറി. ജില്ലാ കലക്ടറെ സന്ദർശിച്ചാണ് പെൻഷൻ തുകയുടെ ചെക്ക് കൈമാറിയത്.