തദ്ദേശതെരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന് കനത്ത തിരിച്ചടി; ഒന്‍പത് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി

Wednesday, December 18, 2024

കൊച്ചി: വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. വാര്‍ഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷന്‍ കമ്മിഷന്‍ വിജ്ഞാപനവും ഹൈക്കോടതി റദ്ദാക്കി. കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാര്‍ഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടെ വാര്‍ഡ് വിഭജനം നടന്നിരുന്നു. വാര്‍ഡ് വിഭജനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയ ലാഭമാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പരാതിയിലാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്.

വാര്‍ഡ് വിഭജനത്തിന്റെ കരട് പുറത്തുവന്നപ്പോള്‍ തന്നെ ആദ്യം രംഗത്തെത്തിയത് സിപിഐയുടെ സംഘടനയായ കേരള എല്‍എസ്ജി എംപ്ലോയിസ് ഫെഡറേഷനാണ്. വാര്‍ഡ് വിഭജനം അശാസ്ത്രീയമാണെന്നായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചത്. പുതിയ അതിര്‍ത്തികള്‍ നിശ്ചയിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നായിരുന്നു വാദം. 2015ല്‍ തന്നെ പഞ്ചായത്തുകളുടെ എണ്ണം കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നെങ്കിലും അത് എങ്ങുമെത്തിയിരുന്നില്ല. അതിനിടെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്‍ഡ് അധികമാക്കുക എന്ന നിലയിലുള്ള വാര്‍ഡ് വിഭജനരീതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. ഇത് അന്തിമ ഘട്ടത്തിലെത്താനിരിക്കവെയാണ് നിയമക്കുരുക്കില്‍പ്പെട്ടത്.