ശബരിമല വിഷയം; ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് എ.കെ ആന്‍റണി

Jaihind Webdesk
Friday, November 23, 2018

ശബരിമലയിൽ നടക്കുന്ന പ്രശ്നങ്ങളുടെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്‍റണി. ഇന്ത്യയുടെ മതേതരത്വത്തിന്‍റെ ഏറ്റവും വലിയ എതിരാളി ആർ.എസ്.എസ് ആണ്. കേരളത്തില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വളര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.പിയുടെ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷത്തെ മോദിയുടെ ഭരണം ഇന്ത്യയെ തകർത്തെന്ന് എ.കെ ആന്‍റണി പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തിന്‍റെ ഏറ്റവും വലിയ എതിരാളി ആർ.എസ്.എസ് ആണ്. കേന്ദ്ര ഗവൺമെന്‍റിന്‍റെ എല്ലാ തീരുമാനങ്ങളിലും ആർ.എസ്.എസ് ഇടപെടൽ ഉണ്ട്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ നിലനിന്നാൽ മാത്രമേ മതേതരത്വം നിലനിൽക്കുകയുള്ളുയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പ്രളയ കാലത്ത് അടിസ്ഥാന സൗകര്യങ്ങൾക്ക് നാശം സംഭവിച്ചപ്പോൾ അത് പോലും പരിഹരിക്കാൻ കഴിയാത്ത ഗവൺമെന്‍റാണ് സ്ത്രീ പ്രവേശനത്തിന് തിടുക്കം കൂട്ടിയത്. ദേവസ്വം ബോർഡിനെ സർക്കാർ സ്വതന്ത്രമായി വിട്ടിരുന്നെങ്കിൽ റിവ്യൂ ഹർജിയോ സാവകാശ ഹർജിയോ നേരത്തെ കോടതിയിൽ സമര്‍പ്പിക്കുമായിരുന്നു. എന്തൊക്കെ എതിർപ്പ് ഉണ്ടായാലും വിധി നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ് ശബരിമലയിൽ പ്രശ്നങ്ങൾക്ക് കാരണമായത്. വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന ബി.ജെ.പിയും ആർ.എസ്.എസും കേരളം മുഴുവൻ ശബരിമല വിഷയം മുൻനിർത്തി കലാപം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സർക്കാർ നവോത്ഥാനം നടത്തേണ്ടത് കോടതി വിധിയുടെ അടിസ്ഥാനത്തിൽ അല്ല. കോടതി വിധി വന്നതുമുതൽ ആർ.എസ്.എസിനെയും ബി ജെ പിയെയും വളർത്താനുള്ള നയമാണ് കമ്യൂണിസ്റ്റുകാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.