റഫേല്‍ കരാറില്‍ വന്‍ അഴിമതി; പുതിയ കരാറിലൂടെ മോദി സര്‍ക്കാര്‍ രാജ്യസുരക്ഷ അട്ടിമറിച്ചു; JPC അന്വേഷണം വേണം

Jaihind Webdesk
Tuesday, September 18, 2018

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ റഫേല്‍ കരാറില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്‍റണി. യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് മോദി സര്‍ക്കാര്‍ കരാറിലൊപ്പിട്ടതെന്നും ആന്‍റണി കുറ്റപ്പെടുത്തി.

126 വിമാനങ്ങളായിരുന്നു കരാര്‍പ്രകാരം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡായിരുന്നു കരാറിലെ നിര്‍മാണ പങ്കാളി. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിക്കുകയും 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു കരാര്‍.

എന്നാല്‍ 2015 ഏപ്രില്‍ 10ന് മോദി ഫ്രാന്‍സില്‍ പോയി കരാര്‍ പുതുക്കിയപ്പോള്‍ 126 വിമാനങ്ങള്‍ എന്നത് 36 ആയിചുരുക്കി. മുന്‍പരിചയമില്ലാത്ത സ്വകാര്യ കമ്പനിയെ സഹകരിപ്പിച്ചായിരുന്നു മോദിയുടെ പുതിയ കരാര്‍. ഇതുവഴി രാജ്യസുരക്ഷയും മോദി സര്‍ക്കാര്‍ കാറ്റില്‍പറത്തിയെന്നും എ.കെ ആന്‍റണി പറഞ്ഞു.

സുഖോയ് ഉള്‍പ്പെടെ 327 വിമാനങ്ങള്‍ നിര്‍മിച്ച കമ്പനിയാണ് HAL. ഇന്ത്യയുടെ അഭിമാനമായ പൊതുമേഖലാ സ്ഥാപനത്തിന്‍റെ അന്തസ് തകര്‍ത്ത നടപടിയാണ് ഇതെന്നും ആന്‍റണി ആരോപിച്ചു. പ്രധാനമന്ത്രി എന്തിനാണ് പുതിയ കരാറില്‍ വിമാനങ്ങളുടെ എണ്ണം കുറച്ചതെന്ന് വ്യക്തമാക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു. വിമാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും ഇതുവഴി ഇന്ത്യക്ക് നഷ്ടമായി.

കരാറിന്‍റെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക അഴിമതിയാണെന്നും ആന്‍റണി പറഞ്ഞു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വസ്തുതകള്‍ മറച്ചുവെക്കുകയാണെന്നും എ.കെ ആന്‍റണി ആരോപിച്ചു. ഇതുസംബന്ധിച്ച് ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റി (JPC) അന്വേഷണം നടത്താന്‍ തയാറാകണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.