കൊച്ചി: കെ-ഫോണില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കെ-ഫോണിൽ നടന്നത് വൻ കൊള്ളയാണ്. അഴിമതിയും കെടുകാര്യസ്ഥതയും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും വി.ഡി. സതീശൻ കൊച്ചിയിൽ പറഞ്ഞു. 1500 കോടി രൂപ മുടക്കിയാണ് കെ ഫോണ്‍ പദ്ധതി കൊണ്ടുവന്നത്. 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നു പറഞ്ഞ് 2017 ൽ കൊണ്ടുവന്ന പദ്ധതി ഇതുവരെ പൂർത്തിയായിട്ടില്ല. 20 ലക്ഷം പേർക്ക് ഇന്‍റർനെറ്റ് കണക്ഷൻ കൊണ്ടുവരാനുള്ള പദ്ധതി. പിന്നീട് അത് 1,40,000 പേർക്കാക്കി ചുരുക്കി. അത് ഒടുവിൽ ഒരാൾക്കുപോലും സൗജന്യ ഇന്‍റർനെറ്റ് കൊടുക്കാതെ കമ്പനി പണി അവസാനിപ്പിച്ച് പോയി. 50 ശതമാനം ടെണ്ടർ തുക വർധിപ്പിച്ചുകൊടുത്തു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കമ്പനികളുടെ കണ്‍സോർഷ്യമാണ് പദ്ധതിക്ക് പിന്നിൽ. ഖജനാവിലെ പണം മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ എസ്ആർഐടി, പ്രിസാദിയോ തുടങ്ങിയ കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്തത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മാത്രം കുറ്റം പറയുന്ന പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.