
കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം അര്‍ജന്റീനയുടെ ഫുട്ബോള്‍ മത്സരത്തിനായി സ്പോണ്സര് ആന്റോ അഗസ്റ്റിന് കൈമാറിയതില്‍ ഗുരുതര ക്രമക്കേടുകള്‍. കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ പോലും ഒപ്പിടാതെയാണ് ആരംഭിച്ചത്. ഇത് പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്കും (ജിസിഡിഎ) സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സംഭവിച്ച ഗുരുതര വീഴ്ചയാണ്.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള പൊതുമുതലായ സ്റ്റേഡിയം കൈമാറുന്നതിന് വാടക, വ്യവസ്ഥകള്‍, കരാറുകള്‍ എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍, ത്രികക്ഷി കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധാരണയിലെത്തിയിട്ടും, ഇന്നുവരെ കരാര്‍ ഒപ്പിട്ടിട്ടില്ല. വാടക ഒഴിവാക്കുകയാണെങ്കില്‍ പോലും തദ്ദേശഭരണ വകുപ്പിന്റെ തീരുമാനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇവിടെ അത്തരം നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല.
കരാറില്ലാത്ത സാഹചര്യത്തിലും സ്റ്റേഡിയത്തില്‍ വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പിച്ച്, കസേരകള്‍, ഫ്ലഡ് ലൈറ്റുകള്‍ എന്നിവ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കുകയാണ്. നവംബര്‍ 30-നകം നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നാണ് സ്പോണ്‍സറുടെ വാഗ്ദാനം. കരാറില്ലാത്തതിനാല്‍, സ്പോണ്സര് നിര്‍മ്മാണ പ്രവൃത്തികള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍, അതിന്റെ ഉത്തരവാദിത്തം സ്പോണ്സര്ക്ക് മേല്‍ ചുമത്താന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും ജിസിഡിഎയും. പൊതുമുതല്‍ കരാറില്ലാതെ വിട്ടുകൊടുത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇപ്പോള്‍ ജിസിഡിഎ, കായികവകുപ്പ്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കാണ്.
അര്‍ജന്റീനയെപ്പോലെ ഒരു അന്താരാഷ്ട്ര ടീമിന്റെ മത്സരം നടത്തണമെങ്കില്‍ ഫിഫയുടെ അനുമതി ആവശ്യമാണ്. എന്നാല്‍, സ്റ്റേഡിയം മത്സരത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ട ഫിഫയുടെ അംഗീകാരം നേടാതെയാണ് എല്ലാ കാര്യങ്ങളും മുന്നോട്ട് പോയത്. മത്സരത്തിന്റെ കോര്‍ഡിനേഷന്‍ ചുമതല വഹിച്ചിരുന്ന സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് കായിക വകുപ്പിന് കീഴിലുള്ള സംവിധാനമായതിനാല്‍ സ്റ്റേഡിയം സ്പോണ്സര്ക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രി വി. അബ്ദുറഹ്മാന്റെ ഉത്തരവാദിത്തമാണ്.