കൊച്ചി : മാസപ്പടിയില്‍ കേസെടുക്കേണ്ടത് മകള്‍ക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാസപ്പടി ആരോപണത്തില്‍ പ്രതിപക്ഷമല്ല കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് കോടതി തള്ളിയത്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ചാടിക്കയറി കേസ് നല്‍കുന്നവരുണ്ട്. അവര്‍ ആരെ സഹായിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്ന് മാത്രം അന്വേഷിച്ചാല്‍ മതി. പ്രതിപക്ഷം ബിനാമികളെ വച്ച് കേസ് നല്‍കില്ല. ആരോപണത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പഠിച്ചും പരമാവധി തെളിവുകള്‍ സമാഹരിച്ചും മാത്രമെ പ്രതിപക്ഷം കോടതിയെ സമീപിക്കൂ. കള്ളപ്പണം വെളുപ്പിച്ച കേസായതിനാല്‍ ഇ.ഡിയാണ് അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് ഇ.ഡി കേസെടുക്കാത്തതെന്ന് അറിയില്ല. പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുന്ന് കൊണ്ടാണ് പണം വാങ്ങിയതെന്ന് പറയുന്നതിനാല്‍ വിജിലന്‍സിനും അന്വേഷിക്കാം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ് കേസെടുക്കേണ്ടത്. ഏതെങ്കിലും വിജിലന്‍സ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുമോ? അപ്പോള്‍ കോടതി വഴിയെ കേസെടുക്കാനാകൂവെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സി.പി.എമ്മുകാര്‍ ഹെല്‍മറ്റ് വച്ചില്ലെങ്കില്‍ പോലും കേസെടുക്കില്ല. പുതുപ്പള്ളിയിലെ സതിയമ്മയ്‌ക്കെതിരെ പോലും കേസെടുത്തു. എത്ര മനുഷ്യത്വഹീനമായാണ് 8000 രൂപ ശമ്പളം വാങ്ങിയ ഒരു സ്ത്രീയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തത്. ഈ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും പുതുപ്പള്ളി തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞു.