സ്ത്രീവേഷത്തിലെത്തി യാത്രക്കാരന്‍റെ ബാഗ് കവർന്ന കേസ്; അസം സ്വദേശി അറസ്റ്റില്‍

Jaihind Webdesk
Thursday, May 30, 2024

 

കൊച്ചി: യാത്രക്കാരന്‍റെ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. അസം താസ്പുർ സ്വദേശി അസദുൽ അലി (22) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 28-ന് രാത്രി 11 മണിയോടെയാണ് സംഭവം. നെടുമ്പാശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്‍റെ ബാഗാണ് സ്ത്രീവേഷം ധരിച്ചെത്തിയ ഇവർ തട്ടിപ്പറിച്ച് കടന്നുകളഞ്ഞത്. നാട്ടിലേക്ക് പോകുന്നതിന് റെയിൽവേ സ്റ്റേഷനിൽ എത്തിയ സുഹൈൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.