ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരന്‍, ശിക്ഷാ വിധി വ്യാഴാഴ്ച

Jaihind Webdesk
Saturday, November 4, 2023

 

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്രൂരകൃത്യം നടന്ന് നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി കേസിൽ വിധി പറയുന്നത്. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. ഒക്ടോബർ 4-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. ജൂലൈ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ബിഹാർ സ്വദേശി അസഫാക് ആലമാണ് പ്രതി.

ജൂലൈ 29-ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസ് വാങ്ങി നൽകിയ ശേഷമാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിതിന് ശേഷം കൊലപ്പെടുത്തിയത്.