തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ദുരൂഹമരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ വികസനരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് ഇക്കാര്യം അമിത് ഷാ വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് കൂടുതല്‍ പറയാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ദുരൂഹമരണം സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവിടണം. അതിന് അമിത് ഷാ തയ്യാറാകാത്തത് സിപിഎം- ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തില്‍ നാലുലക്ഷത്തിലധികം ഇരട്ടവോട്ടുകളാണുള്ളത്.തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോകുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥാമിക പരിശോധനയില്‍ കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു.സിപിഎം അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് വ്യാപകമായി ഇരട്ടവോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനിന്നത്. ഇവര്‍ക്കെതിരെ കര്‍ശന നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ഇത്രയും നാള് മൂടിവെച്ചിരുന്ന തെളിവുകളാണ് ഓരോന്നായി പുറത്ത് വരുന്നത്. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എതിരെ ശക്തമായ മൊഴികളുണ്ടായിട്ടും അത് പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറായില്ല.ഇത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര സജീവമായത് കൊണ്ടാണ്.നിര്‍ഭയവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തടസ്സം നില്‍ക്കുന്നത് ആരാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും പണം ഒഴുക്കുന്നു.നേട്ടങ്ങളുടെയും വികസനത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല.അതിനാലാണ് കൃത്രിമ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. പിആറിന് വേണ്ടി 800 കോടിയാണ് മുഖ്യമന്ത്രി പൊടിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട കോവിഡ് കാലത്ത് പോലും നികുതിദായകന്റെ 200 കോടിയാണ് മുഖ്യമന്ത്രി പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തീവ്രഹിന്ദുത്വ സംഘടനകളുമായി സന്ധി ചെയ്ത നേതാവാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.