ശബരിമലയിൽ സർക്കാർ സംരക്ഷണത്തോടെ വിശ്വാസം ലംഘനം നടന്നതായി മുൻ മുഖ്യമന്ത്രിയും കോണ്ഗ്രസ് പ്രവര്ത്തകസമിതി അംഗവുമായ ഉമ്മൻ ചാണ്ടി. വ്യക്തമായ ആസൂത്രണം നടത്തിയാണ് സർക്കാർ വിശ്വാസ ലംഘനം’ നടത്തിയത്. ശബരിമല വിഷയത്തിൽ സുസ്ഥിരമായ നിലപാടാണ് യു.ഡി എഫിന് ഉള്ളത്. ഇക്കാര്യത്തിൽ ബി.ജെ.പി നിലപാട് ആത്മാർത്ഥതയില്ലാത്തതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സി പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനം വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ശബരിമലയുടെ ആചാരനുഷ്ഠാനങ്ങളെയും പവിത്രതയേയും ഉന്നതതലങ്ങളിലെ പിന്തുണയോടെ പോലീസിനെ ഉപയോഗിച്ച് തകർക്കുവാനാണ് നീക്കം. സർക്കാരിലും ദേവസ്വം ബോർഡിലും വിശ്വാസം നഷ്ടപെട്ടു. സി.പി.എമ്മിന്റെ പോഷക സംഘടനയായി ദേവസ്വം ബോർഡ് മാറി. പുനഃപരിശോധനാ ഹർജിയിൽ ഫലം കണ്ടില്ലെങ്കിൽ സർവകക്ഷി യോഗം വിളിച്ച് വിഷയം ചർച്ച ചെയ്യണം.
ഇന്നത്തെ പ്രതിസന്ധി സി.പി.എം ചോദിച്ച വാങ്ങിയതാണന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസും യു.ഡി.എഫും ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഒപ്പമാണ്. ശബരിമല സംബന്ധിച്ച് സുസ്ഥിരമായ നിലപാടാണ് യു ഡി.എഫ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം എന്തിന് മാറ്റിയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. സി.പി എം ഇതിന് മറുപടി പറയണം.
ബി.ജെ.പിക്ക് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനെ കൊണ്ട് അടിയന്തരമായി ഓർഡിനൻസ് പുറപ്പെടവിക്കാൻ ബി.ജെ.പി തയാറകണം. ഇക്കാര്യത്തിൽ ബി.ജെ.പി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അവരുടെ ആക്രമ സമരത്തോട് യോജിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ ദേവസ്വം മന്ത്രി വി.എസ് ശിവകുമാർ എം.എൽ.എ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.