തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം. മുഖ്യമന്ത്രി മയത്തിൽ തള്ളണം. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെ കൊണ്ട് പറയിപ്പിക്കുകയാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. 18 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനെ ഇല്ലാതാക്കിയ ആളാണ് പിണറായി. അങ്ങന ഒരാള്‍ പ്രതിപക്ഷത്തെ നോക്കി ഗ്രൂപ്പിനെ കുറിച്ച് പറയേണ്ട. പ്രത്യേക ജനുസ് ആയതിനാലാണ് സർക്കാർ ഈ തട്ടിപ്പിന് കൂട്ട് നിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം ഓഫീസ് നിയന്ത്രിക്കാൻ കഴിയാത്ത ആൾക്ക് സംസ്ഥാനത്തെ എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ശരിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയുടെ നിയമനം സംബന്ധിച്ച അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണ്. രവീന്ദ്രനെ ചോദ്യം ചെയ്യുമെന്ന് വന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് ട്രാക്ക് തെറ്റുന്നത്. അന്വേഷണം തന്നിലേക്ക് വരുമെന്ന് കണ്ടപ്പോഴാണ് കേന്ദ്ര ഏജൻസികളെ എതിർത്തത്.
പ്രതിപക്ഷത്തിന് അന്വേഷണ ഏജൻസികളുടെ വക്കാലത്തില്ല. ഗഡ്കരിയുമായും അമിത് ഷായുമായുമുള്ള കൂട്ടുകെട്ട് അന്വേഷണത്തെ വഴി തെറ്റിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കേന്ദ്രമായപ്പോഴാണ് പ്രതിപക്ഷം പോരാട്ടം തുടങ്ങിയത്. പ്രതിപക്ഷത്തെ പഠിപ്പിക്കാൻ പിണറായി വളർന്നിട്ടില്ല. ലൈഫിലെ അന്വേഷണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് സർക്കാർ. ഈ ജനുസാണ് നിങ്ങൾക്കെങ്കിൽ അത് തുടരട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.