സെക്രട്ടേറിയറ്റിലെ തീപിടിത്തം: അഡീ. ചീഫ് പ്രോട്ടോക്കോൾ  ഓഫീസറുടെ സാന്നിധ്യത്തിൽ അസ്വഭാവികത; അവധിയിലുള്ള ഓഫീസർ സ്ഥലത്തെത്തിയതിൽ ദുരൂഹതയെന്നും റിപ്പോർട്ട്

Jaihind News Bureau
Friday, August 28, 2020

 

തിരുവനന്തപുരം : തീപിടിത്തം നടന്നതിനു പിന്നാലെ സെക്രട്ടേറിയറ്റില്‍ അഡീ. ചീഫ് പ്രോട്ടോക്കോൾ  ഓഫീസർ എ.പി രാജീവന്‍റെ സാന്നിധ്യത്തിൽ അസ്വഭാവികതയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസർ സംഭവ സ്ഥലത്തെത്തിയതിൽ ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു.  എന്നാൽ തീപിടിത്തം ഉണ്ടായെന്ന് ജീവനക്കാർ അറിയിച്ച പ്രകാരമാണ് താന്‍ എത്തിയതെന്നാണ് രാജീവന്‍റെ മൊഴി. ഈ സാഹചര്യത്തിൽ എ.പി രാജീവന്‍റെ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

അതേസമയം സെക്രട്ടേറിയേറ്റിലെ തീപിടിത്തം സ്വർണ്ണക്കടത്ത് കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാനാണെന്ന പ്രതിപക്ഷ ആരോപണം  ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. ദുരന്ത നിവാരണ കമ്മീഷണർ ഡോ. എ കൗശികൻ ഐഎഎസ് നേതൃത്വം നൽകുന്ന ഉന്നതതല കമ്മിറ്റിയെയാണ് തീപിടിത്തത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ചത്. ഈ സമിതിയിൽ രാജീവനെ ഉൾപ്പെടുത്തിയതും നേരത്തെ വിവാദമായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്നു എ.പി രാജീവന്‍. മാത്രമല്ല ഇദ്ദേഹം മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയതിന് ആരോപണം നേരിടുന്ന ആളുമാണ്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശ യാത്രകളെ സംബന്ധിച്ചടക്കം അന്വേഷണം നടക്കുമ്പോഴാണ് തീപിടുത്തം മന:പൂർവം സൃഷ്ടിച്ചതാണെന്ന് തെളിയിക്കുന്ന തെളിവുകൾ ദിനംപ്രതി പുറത്ത് വരുന്നത്. സംഭവത്തെ എൻഐഎ സംഘവും ഗൗരവത്തോടെയാണ് കാണുന്നത്.