തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് എന്‍.ഒ.സി കൊടുത്തുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വന്‍പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുകയും പ്രകൃതിയുടെ വരദാനമായ അതിമനോഹരമായ വെള്ളച്ചാട്ടത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് എന്‍.ഒ.സി കൊടുത്തത് തലമുറകളോട് കാട്ടിയ പാതകമാണ്. കൊവിഡിന്റെ മറവില്‍ എന്ത് തോന്നിയവാസവും സംസ്ഥാനത്ത് നടത്താമെന്ന അധികാരികളുടെ മനോഭാവത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്.
സമാവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്ന് നിയമസഭയില്‍ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞതാണ്. എന്നിട്ടും ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നീങ്ങുന്നത് ജനവഞ്ചനയാണ്. അതിനെതിരെ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് പ്രളയമാണ് നമ്മള് നേരിട്ടത്. അതിന്റെ ആഘാതത്തില്‍ നിന്ന് കേരളം ഇതുവരെ മോചിതമായിട്ടില്ല. അതോടൊപ്പം കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രശ്നങ്ങളും നമ്മളെ തുറിച്ച് നോക്കുന്നു. ഈ അവസരത്തില്‍ പരിസ്ഥിതിക്ക് പോറലുപോലുമുണ്ടാക്കുന്ന ഒന്നിനെക്കുറിച്ചും കേരളത്തിന് ചിന്തിക്കാന്‍ പറ്റില്ല. പദ്ധതി നടപ്പായാല്‍ 140 ഹെക്ടര്‍ വനഭൂമിയാണ് നഷ്ടപ്പെടുക. അപൂര്‍വ്വമായ പക്ഷിമൃഗാദികളും മത്സ്യങ്ങളും സസ്യസമ്പത്തുമടങ്ങുന്ന ജൈവവൈവിദ്ധ്യം അപ്പാടെ നഷ്ടമാവും. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരി രംഗന് റിപ്പോര്‍ട്ടും ഈ പദ്ധതിയുടെ ആപത്ത് ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്.
കേരളത്തില്‍ വന്‍പാരിസ്ഥിതിക ദുരന്തത്തിന് വഴി വയ്ക്കുന്ന ഈ പദ്ധതി ലാഭകരവുമാവുമല്ല. 163 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിക്ക് 300 കോടി രൂപയാണ് തുടക്കത്തില്‍ ചിലവ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ 1500-2000 കോടി വേണ്ടി വരും. പദ്ധതിയില്‍ നിന്ന് ശരാശരി 200 ദശലക്ഷം വൈദ്യുതി മാത്രമാണ് ലഭിക്കുക. ഇതിന് യൂണിറ്റിന് 15 രൂപയെങ്കിലുമാകും.
ലഭ്യമായ കണക്കനുസരിച്ച് 500 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമേ പദ്ധതിക്കായി ലഭിക്കുകയുള്ളൂ. വൈദ്യുത നിലയം വെറും 12% സമയം മാത്രം പ്രവര്‍ത്തിപ്പിക്കാനേ ഇത് തികയൂ. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ രേഖ അനുസരിച്ച് 30% സമയമെങ്കിലും പ്രവര്‍ത്തിക്കണം. അതിരപ്പള്ളി വനമേഖലയിലെ ഗോത്രവര്‍ഗമായ കാടര്‍ ഇവിടെനിന്നും പുറത്താക്കപ്പെടും. ഇത് മനുഷ്യാവകാശ പ്രശ്നങ്ങളിലേക്കു വഴി തെളിക്കും. കുടിവെളളം ജലസേചനം എന്നിവക്കായി ചാലക്കുടി പുഴയെ ആശ്രയിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളും പത്തൊമ്പത് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലറ്റികളുമുണ്ട്. പദ്ധതി കുടിവെള്ള ജലസേചന സൗകര്യങ്ങള്‍ ഇല്ലാതാക്കും.
കേരളത്തിന്റെ നിലവിലുള്ള വൈദ്യുത പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരവുമല്ല അതിരപ്പള്ളി പദ്ധതി. മാത്രമല്ല, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാദ്ധ്യതയും പ്രകൃതി നാശവും ഉണ്ടാക്കുകയും ചെയ്യും.
അതിരപ്പള്ളിയിലെ ജനങ്ങള്‍ മാത്രമല്ല കേരളം ഒറ്റെക്കട്ടായി തന്നെ ഈ പദ്ധതിക്കെതിരെ അണിനിരക്കുമെന്നും യു ഡി എഫ് ഈ പദ്ധതി നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.