അഖിലയ്ക്കും ആരോമലിനും കൂട്ടുകാർക്കൊപ്പം ഇനി ഓണ്‍ലൈനിലൂടെ പഠിക്കാം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തെത്തുടര്‍ന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് ഇവർക്ക് പഠിക്കാനായി പുത്തന്‍ ടെലിവിഷന്‍ വീട്ടില്‍ എത്തിച്ചത്.
ടെലിവിഷന്‍ ഇല്ലാത്തതിനാല്‍ മക്കള്‍ക്ക് പഠിക്കാനാവുന്നില്ലെന്ന ഇവരുടെ അമ്മയുടെ പരാതിയെ തുടർന്നാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ഇളമാട് പഞ്ചായത്തിലെ തേവന്നൂർ കെ.എസ്. ഭവനിൽ അജിതകുമാരിയാണ് തന്റെ മക്കളായ അഖിലയുടെയും ആരോമലിന്റെയും വിഷമം രമേശ് ചെന്നിത്തലയെ അറിയിച്ചത്.
പരാതി ഗൗരവത്തോടെ തന്നെ സ്വീകരിച്ച പ്രതിപക്ഷ നേതാവ് ഉടന്‍തന്നെ വിവരം കെ.പി.സി.സി. ജനറൽ സെക്രട്ടറി എം. എം. നസീറിനെയും മുൻ ഗ്രാമപഞ്ചായത് പ്രസിഡന്റ് വാളിയോട് ജേക്കബിനെയും അറിയിക്കുകയും അടിയന്തിരമായി ടെലിവഷന്‍ എത്തിച്ചു നൽകി പഠന അവസരം ഒരുക്കണം എന്ന് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതേത്തുടർന്ന് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ അഖിലയുടെയും ആരോമലിന്റെയും വീട്ടില്‍ പുതിയ എല്‍.ഇ.ഡി. ടെലിവിഷന്‍ എത്തിച്ചു നൽകി. പഠിക്കാന്‍ അവസരമൊരുക്കിയ പ്രതിപക്ഷ നേതാവിനോട് അജിതയും മക്കളും വീഡിയോ കോളിലൂടെ നന്ദി അറിയിച്ചു. പഠനത്തിന് എല്ലാ സഹായം ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവിന്റെ ഉറപ്പ് കിട്ടിയ ആത്മവിശ്വാസത്തിലാണ് അജിതയും മക്കളായ അഖിലയും ആരോമലും.