‘പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും’; ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയം വിശദീകരിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, June 6, 2020

 

ന്യൂഡല്‍ഹി : കൊവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആവർത്തിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്തില്ല എന്ന് വ്യക്തമാക്കുന്ന ഗ്രാഫും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴും ശേഷവുമുള്ള കൊവിഡ് വ്യാപനത്തിന്‍റെ കണക്ക് മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തുള്ളതാണ് ഗ്രാഫ്.

പരാജയപ്പെട്ട ഒരു ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ഗ്രാഫ് പങ്കുവെച്ചത്. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വളരെ വൈകിയാണ് ഇന്ത്യ രോഗത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൊവിഡ് വ്യാപനം സംഭവിച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, യു.കെ എന്നിങ്ങനെ കൊവിഡ് പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴും പിന്നീടുമുള്ള രോഗവ്യാപനത്തിലെ കുറവ് വ്യക്തമാക്കുന്നതാണ് ഗ്രാഫ്. ഇവിടെയെല്ലാം ലോക്ക്ഡൗണ്‍ ഫലപ്രദമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമുണ്ടായില്ല എന്നത് ഗ്രാഫില്‍ വ്യക്തമാണ്. ലോക്ക്ഡൗണ്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോഴും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വർധനവാണ് ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ നടപടികള്‍ കാര്യക്ഷമമല്ലെന്ന് നിരവധി തവണ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു.