തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നത് ഇനിയും വൈകിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രോഗികള്‍, ഗര്‍ഭിണികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, കമ്പനികള്‍ അടച്ചുപൂട്ടിയതുമൂലം ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയ ഒരു വലിയ വിഭാഗം ജനങ്ങളാണ് മാതൃരാജ്യത്തിലേക്ക് മടങ്ങാനായി കാത്തുനില്‍ക്കുന്നത്. ഇവരെ മുന്‍ഗണനാ ക്രമത്തില്‍ വിമാനക്കമ്പനികളുമായി സംസാരിച്ച് പ്രത്യേക വിമാനങ്ങള്‍ ഏര്‍പ്പെടുത്തി മടക്കിക്കൊണ്ടു വരുന്നതാവും ഉചിതം.
കാരണം ഇപ്പോള്‍ തന്നെ ഭീമമായ തുകയാണ് ടിക്കറ്റിന് ഓണ്‍ലൈന്‍ വഴി വിമാനക്കമ്പനികള്‍ ഈടാക്കുന്നത് എന്ന പരാതി വ്യാപകമാണ്. ഇന്ത്യയില്‍ ഉണ്ടായിരുന്ന വിദേശികളെ പല രാജ്യങ്ങളും പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് മടക്കിക്കൊണ്ടുപോയത്. ഇന്നും നാളെയുമായി യു.എ.ഇ.പൗരന്മാരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇത്തരത്തില്‍ മടക്കിക്കൊണ്ട് പോകുന്നുണ്ട്. അതേ സമയം നമ്മുടെ രാജ്യത്തിലെ പൗരന്മാര്‍ സ്വന്തം മാതൃരാജ്യത്തിലേക്ക് മടങ്ങിവരാന്‍ കോടതിയെ സമീപിപ്പിക്കേണ്ട ഗതികേടിലാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഭേദമെന്യെയുള്ള ഇടപെടലാണ് വേണ്ടത്. ഇവരെ മടക്കിക്കൊണ്ടുവരുന്ന കാര്യത്തില്‍ യു.ഡി.എഫ്. സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ടാകും.
നേരത്തെ പലതവണ ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിരവധി കത്തുകള്‍ നല്‍കിയതാണ്. അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.