കുവൈറ്റിലും യു.എ.ഇലും ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അതാത് രാജ്യങ്ങളുടെ ഗവൺമെൻ്റുകൾക്ക് സർക്കുലർ ആ രാജ്യങ്ങൾ നൽകിയ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിൽ കൊണ്ടുവരേണ്ടത് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പൂർണ്ണ ഉത്തരവാദിത്വമാണ്. നിലവിൽ ഇന്ത്യയിൽ പ്രാബല്യത്തിൽ ഉള്ള യാത്രാവിലക്ക് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാരോട് നാം കാണിക്കുന്ന വലിയ ക്രൂരതയാണ്.
വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യൻ പൗരൻമാരിൽ നിന്നും കൊറോണ ബാധ ഇന്ത്യയിലേക്ക് പകരുന്നത് തടയുവാൻ എല്ലാ ഇൻ്റർനാഷണൽ ചെക്ക് പോയിൻ്റുകളിലും റാപ്പിഡ് ടെസ്റ്റിംങ്ങ് സൗകര്യങ്ങൾ അനുവദിക്കണമെന്നും എയർപോർട്ടുകൾക്ക് സമീപപ്രദേശങ്ങളിൽ ഉള്ള ഹോട്ടലുകളും ഹോസ്പിറ്റലുകളും ക്വാറൻ്റൈൻ സെൻ്റെറുകളായി മാറ്റണമെന്നും കെ.സുധാകരൻ എം.പി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ഈ സൗകര്യങ്ങൾ അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ആംഡ് ഫോഴ്സിൻ്റെ സഹായത്താൽ ഒരുക്കണമെന്നും വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഈ ആവശ്യങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തി യു.എ.ഇലും കുവൈറ്റിലുമുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കണമെന്ന് കെ.സുധാകരൻ എം.പി വിദേശകാര്യ മന്ത്രാലയം അധികൃതരോട് ആവശ്യപ്പെടുകയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നല്കുകയും ചെയ്തു.