ലോട്ടറി വില കൂട്ടിയത് അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാന്‍ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, February 9, 2020

Oommen-Chandy

സംസ്ഥാനത്ത് വില്‍ക്കുന്ന ആറ് ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില കൂടുന്നതോടെ വില്‍പന കുറയുകയും അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം പേരുടെ ജീവിതം ഇരുളടയുകയും ചെയ്യും. അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള നിഗൂഢ അജണ്ടയും പാവങ്ങളുടെ ചെലവില്‍ സംസ്ഥാനത്തിന്‍റെ വരുമാനം കൂട്ടുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ജി.എസ്.ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കു കടുവരാന്‍ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിലവര്‍ധന മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാന്‍ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്‍ക്കുന്നു. അതിന് ഇനി അധികം നാളുകളില്ല. കേരള ലോട്ടറിയുടെ വില 40 രൂപയാക്കിയപ്പോള്‍, മിസോറാം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്‍ക്കാന്‍ പോകുന്നത്.

ലോട്ടറി രാജാവ് മാര്‍ട്ടിനുമായി ബന്ധമുള്ള വെസ്റ്റ് ബംഗാള്‍ ലോട്ടറി സ്റ്റോക്കിസ്റ്റ്‌സ് സിന്‍ഡിക്കറ്റ് ജി.എസ്.ടി രജിസ്‌ട്രേഷന് സംസ്ഥാന ജി.എസ്.ടി ഓഫീസില്‍ നല്‍കിയ അപേക്ഷ തള്ളിയതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ച് പുതിയ അപേക്ഷ നല്‍കാന്‍ ഉത്തരവ് നേടി. ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജി.എസ്.ടി ഓഫീസ് അപേക്ഷ തള്ളിയത്. അവ പരിഹരിച്ച് പുതിയ അപേക്ഷ നല്‍കുമ്പോള്‍, അവരുടെ പാത സുഗമമാകും.

ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയതുകൊണ്ട് ഏജന്‍റുമാരുടെയും ലോട്ടറി വില്‍പനക്കാരുടെയും വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കാനാണ് ഈ നടപടി എന്നാണ് ധനമന്ത്രി നല്‍കുന്ന ന്യായീകരണം. എന്നാല്‍, ജി.എസ്.ടി 28 ശതമാനം ആകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 14 ശതമാനം നികുതി ലഭിക്കും എന്നതിലാണ് ധനമന്ത്രിയുടെ കണ്ണ്. 2018-19ല്‍ ജി.എസ്.ടിയില്‍ നിന്ന് 555 കോടി രൂപയാണ് ഖജനാവിലേക്ക് ലഭിച്ചത്. ലോട്ടറിയില്‍ നിന്ന് ആ വര്‍ഷം 1679 കോടി രൂപ അറ്റാദായവും കിട്ടി. ലോട്ടറി ടിക്കറ്റിന്‍റെ വില കൂട്ടി ആദായവും ജി.എസ്.ടി വരുമാനവും കൂട്ടുക എതാണ് ധനമന്ത്രിയുടെ മറ്റൊരു ലക്ഷ്യം.

ഇടതുസര്‍ക്കാരിന്‍റെ ചരിത്രം പരിശോധിച്ചാല്‍ അന്യസംസ്ഥാനലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാം. യു.ഡി.എഫ് സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ച ശേഷം ഇടതുഭരണകാലമായ 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്‍റെ പരസ്യം ദേശാഭിമാനി ഉള്‍പ്പെടെ പല പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അന്യസംസ്ഥാന ലോട്ടറിക്കാര്‍ കേരളത്തിലേക്ക് വരില്ലെന്ന ധനമന്ത്രിയുടെ വാദഗതി പൊളിച്ചുകൊണ്ടാണ് പരസ്യം വന്നത്. മാര്‍ട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ സര്‍ക്കാര്‍ വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.