യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല; സഹകരണമേഖലയിലെ ജനാധിപത്യം തിരിച്ചുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ്; ഇടതുസർക്കാർ സഹകരണ മെഖലയെ തകർക്കുന്നു എന്ന് ഉമ്മൻചാണ്ടി

Jaihind News Bureau
Monday, January 27, 2020

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചുവിട്ട് സഹകരണ മേഖലയിലെ ജനാധിപത്യം തിരിച്ചു കൊണ്ടു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ആരോപിച്ചു. തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

ഇന്ത്യക്ക് തന്നെ മാതൃകയായ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രാധാന്യമാണ് ഇടത് സർക്കാർ ഇല്ലാതാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിട്ട് സഹകരണ മേഖലയിലെ ജനാധിപത്യം തിരിച്ചു കൊണ്ടു വരുമെന്നും സഹകാരി മഹാസംഗമം ഉത്ഘാടനം ചെയ്തു പ്രതിപക്ഷ നേതാവ് പറഞ്ഞു.

മലപ്പുറം ജില്ലാ ബാങ്കിനെതിരായി സർക്കാർ പ്രതികാര നടപടികളുമായി പോയാൽ യു.ഡി.എഫ് ഇതിനെ ശക്തമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സഹകരണ മേഖലയെ തകർത്തു കൊണ്ടുള്ള കേരള ബാങ്ക് രൂപീകരണത്തെയാണ് യു.ഡി.എഫ് എതിർക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്‍റെ വിലപ്പെട്ട ആസ്ഥികൾ സർക്കാരിന് വേണ്ടപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറുന്നു. ഇതിൽ ആർബിഐ അടിയന്തര അന്വേഷണം നടത്തണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നേതാക്കൾ. സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ്, സിഎംപി നേതാവ് സി.പി ജോൺ, പി.സി വിഷ്ണുനാഥ് തുടങ്ങിയവരും പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/197632394752387/